കര്‍ണാടകയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; സിദ്ധരാമയ്യയെ അടിയന്തിരമായി ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

കര്‍ണാടകയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; സിദ്ധരാമയ്യയെ അടിയന്തിരമായി ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ സിദ്ധരാമയ്യ-ഡി.കെ ശിവകുമാര്‍ അധികാര തര്‍ക്കം നിര്‍ണായക ഘട്ടത്തിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടിയന്തിരമായി ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 നാണ് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

തന്റെ മന്ത്രിസഭയിലെ ചില മുതിര്‍ന്ന സഹ പ്രവര്‍ത്തകര്‍ക്കും അടുത്ത അനുയായികള്‍ക്കുമൊപ്പമാണ് 77 കാരനായ മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചയുടെ കൃത്യമായ അജണ്ട എന്താണെന്ന് തനിക്ക് അറിയില്ലെന്നാണ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ നിലവില്‍ ഡല്‍ഹിയിലെ ചര്‍ച്ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ താനും ഡല്‍ഹിക്ക് പോകുമെന്ന് ശിവകുമാര്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി പദം മാറുന്നതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് തന്റെ ജോലിയല്ലെന്നും ശിവകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഡി.കെ ശിവകുമാറിന്റെ ജന്മദിനത്തില്‍ അദേഹത്തിന്റെ അനുയായികള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസുകളില്‍ 'അടുത്ത മുഖ്യമന്ത്രി' എന്ന പോസ്റ്ററുകള്‍ പതിച്ചതോടെയാണ് കുറച്ചുനാളായി ശാന്തമായിരുന്ന തര്‍ക്കം വീണ്ടും പരസ്യമായത്.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഒത്തുതീര്‍പ്പ് വ്യവസ്ഥയായി ഉയര്‍ന്ന് വന്ന രണ്ടര വര്‍ഷത്തെ അധികാര പങ്കിടല്‍ ഫോര്‍മുലയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നിലവില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ അടിയന്തിര ഇടപെടല്‍.

രാഹുല്‍ ഗാന്ധി ഇരു നേതാക്കളുമായും സംസാരിച്ച് അടുത്ത രണ്ട് മൂന്ന് ദിവസത്തിനകം അന്തിമ തീരുമാനം എടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിദ്ധരാമയ്യയെ മാറ്റി ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തുക എന്നതാണ് ഒരു മാര്‍ഗം. അല്ലെങ്കില്‍ സിദ്ധരാമയ്യയെ ഡല്‍ഹിയിലേക്ക് മാറ്റി രാജ്യസഭാ പ്രതിപക്ഷ നേതാവാക്കുക. പകരം എല്ലാവര്‍ക്കും സമ്മതനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടക മുഖ്യമന്ത്രിയാക്കുക. മറ്റൊരു സാധ്യത ഉള്ളത് ഡി.കെ ശിവകുമാറിന് ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ള കൂടുതല്‍ ശക്തമായ വകുപ്പുകള്‍ നല്‍കി, തല്‍കാലം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കുക എന്നതാണ്. നിലവില്‍ ഈ മൂന്ന് സാധ്യതകളാണ് ഹൈക്കമാന്‍ഡ് പരിശോധിക്കുന്നത്.

മുന്‍പ് കര്‍ണാടകയിലെ പ്രമുഖ നേതാവ് ഡി. ദേവരാജ് അരശിന്റെ റെക്കോര്‍ഡ് മറികടന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന ചരിത്ര നേട്ടം സിദ്ധരാമയ്യ സ്വന്തമാക്കിയിരുന്നു. അതിനാല്‍ അദേഹത്തെ പെട്ടെന്നൊരു മാറ്റത്തിന് വിധേയനാക്കുന്നത് ഭരണത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഹൈക്കമാന്‍ഡിനുണ്ട്. വരും ദിവസങ്ങളിലെ ഡല്‍ഹി ചര്‍ച്ചകള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.