ആഫ്രിക്കയില്‍ എബോള രോഗ വ്യാപനം രൂക്ഷം: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്യൂഎച്ച്ഒ; ഇന്ത്യയില്‍ അതീവ ജാഗ്രത

ആഫ്രിക്കയില്‍ എബോള രോഗ വ്യാപനം രൂക്ഷം: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്യൂഎച്ച്ഒ; ഇന്ത്യയില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള രോഗ വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

രാജ്യത്തെ പ്രതിരോധ മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗബാധയെ നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയില്‍ എവിടെയും എബോള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും വിദേശത്ത് നിന്നും എത്തുന്നവരിലൂടെ രോഗം രാജ്യത്തേക്ക് എത്താതിരിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കര്‍ശനമാക്കും. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സ്‌ക്രീനിങ് സംവിധാനങ്ങളും തെര്‍മല്‍ സ്‌കാനിങും സജ്ജമാക്കും.

നിലവില്‍ രോഗ വ്യാപനം രൂക്ഷമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

നിലവിലുള്ള ബന്ദിബുഗ്യോ എബോള വൈറസ് വകഭേദത്തിന് നിലവില്‍ അംഗീകൃത വാക്‌സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല എന്നത് പ്രതിരോധ നടപടികളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. എബോള ബാധിത പ്രദേശങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് മുമ്പായി തന്നെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരെ വിവരം അറിയിക്കേണ്ടതാണ്.

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, ക്ഷീണം, ഛര്‍ദ്ദി, അതിശക്തമായ തലവേദന, തൊണ്ടവേദന, അകാരണമായ രക്തസ്രാവം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

രോഗം നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രോഗ ലക്ഷണങ്ങളോടെ എത്തുന്നവരുടെ സാമ്പിള്‍ പരിശോധനകള്‍ വേഗത്തിലാക്കുക, പോസിറ്റീവ് ആകുന്ന പക്ഷം സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയ്യാറാക്കി ട്രാക്ക് ചെയ്യുക തുടങ്ങിയ അടിയന്തര ചുമതലകളും ഈ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.