വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന് നേരെ വീണ്ടും അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് ഭീഷണി ഉയര്‍ത്തിയ ഇറാന്റെ നാല് ആക്രമണ ഡ്രോണുകള്‍ യു.എസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോണ്‍ വിക്ഷേപിക്കാന്‍ തയാറെടുക്കുകയായിരുന്ന ദക്ഷിണ ഇറാനിലെ ബന്ദര്‍ അബ്ബാസിലുള്ള സൈനിക താവളത്തിന് നേരെയും യു.എസ് വ്യോമസേന ശക്തമായ ആക്രമണം നടത്തി.
തികച്ചും പ്രതിരോധപരവും വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതുമായിരുന്നു ഈ നടപടിയെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണ ഇറാനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്ക് നേരെയും ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ബോട്ടുകള്‍ക്ക് നേരെയും യു.എസ് സൈന്യം ആക്രമണം നടത്തിയിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഈ സൈനിക നടപടികള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. യു.എസ് നീക്കം വിശ്വാസ വഞ്ചനയാണെന്നായിരുന്നു ഇറാന്റെ ആരോപണം.
അതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഇറാനും ഒമാനും സംയുക്തമായി മേല്‍നോട്ടം വഹിക്കുന്ന ഒരു അനൗദ്യോഗിക കരാര്‍ രൂപപ്പെട്ടിട്ടുണ്ടെന്ന ഇറാന്റെ റിപ്പോര്‍ട്ട് തള്ളി ട്രംപ് രംഗത്തെത്തി. റിപ്പോര്‍ട്ട് പൂര്‍ണമായും നിഷേധിച്ച യു.എസ് പ്രസിഡന്റ്, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പതിറ്റാണ്ടുകളായി അമേരിക്കയുമായി സാമ്പത്തിക-സൈനിക ബന്ധമുള്ള ഒമാനെതിരെയും ട്രംപ് ശക്തമായ ഭീഷണി മുഴക്കി.
'ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ജലാശയമാണ്. അതിന്റെ നിയന്ത്രണം ആര്‍ക്കും നല്‍കില്ല. ഒമാന്‍ മറ്റെല്ലാവരെയും പോലെ മര്യാദയ്ക്ക് പെരുമാറണം. അല്ലാത്തപക്ഷം അവരെ ഞങ്ങള്‍ തകര്‍ത്തു കളയും.' - എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
നിലവിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇറാന്റെ നിലപാടില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്നും യു.എസിലെ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് വരെ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ പൂര്‍ണമായി ഉപേക്ഷിക്കാതെ സാമ്പത്തിക ഉപരോധങ്ങളില്‍ യാതൊരു ഇളവും നല്‍കില്ലെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷാ സേനയുടെ അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ച നാല് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സൈന്യം വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ആക്രമണങ്ങളും ട്രംപിന്റെ പ്രസ്താവനകളും മേഖലയിലെ യുദ്ധ സാഹചര്യം വീണ്ടും വഷളാക്കിയിരിക്കുകയാണ്.