ആശുപത്രി വാര്‍ഡില്‍ എസി ഓഫാക്കി; ബംഗ്ലാദേശില്‍ ആറ് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ആശുപത്രി വാര്‍ഡില്‍ എസി ഓഫാക്കി; ബംഗ്ലാദേശില്‍ ആറ് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ധാക്ക: ബംഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയില്‍ ആറ് നവജാത ശിശുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദാരുണമായി മരണപ്പെട്ടു. ധാക്കയിലെ മഗ്ബസാര്‍ മേഖലയിലുള്ള അദ്-ദിന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ജനിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്.

പോസ്റ്റ്-ഓപ്പറേറ്റീവ് വാര്‍ഡിലെ എയര്‍ കണ്ടീഷണര്‍ ഓഫാക്കിയതിനെ തുടര്‍ന്നുണ്ടായ ശക്തമായ ശ്വാസംമുട്ടലോ സാങ്കേതിക തകരാറോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലര്‍ച്ചെ ആറോടെയാണ് ആദ്യത്തെ കുട്ടി മരിച്ചത്. ഒന്‍പതോടെ മറ്റ് അഞ്ച് കുട്ടികളും മരണത്തിന് കീഴടങ്ങിയതായി ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞതോടെ വാര്‍ഡില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നതായി ഒരു കുട്ടിയുടെ കൂട്ടിരിപ്പുകാരന്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വാര്‍ഡിലെ എസി ഏതാണ്ട് ഒരു മണിക്കൂറോളം ഓഫാക്കി. എന്നാല്‍ പിന്നീട് അന്തരീക്ഷ താപനില ഉയര്‍ന്നതോടെ എസി വീണ്ടും പ്രവര്‍ത്തിപ്പിച്ചു. പിന്നാലെ ഒരു കുട്ടിക്ക് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും കുട്ടിയെ നിയോനാറ്റല്‍ ഐസിയുവിലേക്ക് മാറ്റുകയും ആയിരുന്നു. അല്‍പം കഴിഞ്ഞ് നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തിരികെ വാര്‍ഡിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മറ്റ് കുട്ടികള്‍ക്കും ഒന്നിന് പുറകെ ഒന്നായി അസ്വസ്ഥതകള്‍ പ്രകടമാകാന്‍ തുടങ്ങി. കുഞ്ഞുങ്ങളുടെ ശരീരം നീലനിറമായി മാറിയതായി ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ ആറ് കുട്ടികളെയും വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചികിത്സാ പിഴവ് മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് കരുതുന്നില്ല. എസി സംവിധാനത്തിലുണ്ടായ എന്തോ സാങ്കേതിക തകരാറോ വാതക ചോര്‍ച്ചയോ ആകാം ഇതിന് കാരണമെന്ന് ഡിജിഎച്ച്എസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫ. സാഹിദ് റൈഹാന്‍ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ധാക്കയിലെ അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. വാര്‍ഡിലെ എസി ഓഫാക്കിയതോടെ മുറിക്കുള്ളില്‍ വായു സഞ്ചാരത്തിന് മറ്റ് മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അന്തരീക്ഷം ശ്വാസം മുട്ടിക്കുന്ന രീതിയിലായിരുന്നുവെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് മേധാവി പ്രഭാത് ചന്ദ്ര ബിശ്വാസ് വ്യക്തമാക്കി. എസിയിലുണ്ടായ തകരാര്‍ കാരണം വാതക ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക സമിതി 72 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടാതെ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും വാര്‍ഡിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയ പരിശോധനകള്‍ ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.