പരീക്ഷാ സുരക്ഷയ്ക്ക് കവചമൊരുക്കാന്‍ സൈന്യം; നീറ്റ് കേസില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍, പ്രതിപ്പട്ടിക നീളുന്നു

പരീക്ഷാ സുരക്ഷയ്ക്ക് കവചമൊരുക്കാന്‍ സൈന്യം; നീറ്റ് കേസില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍, പ്രതിപ്പട്ടിക നീളുന്നു

ന്യൂഡല്‍ഹി: ദേശീയ പരീക്ഷകളുടെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ നീറ്റ് ചോദ്യ പേപ്പറുകളുടെ സുരക്ഷ പൂര്‍ണമായും ഇന്ത്യന്‍ സൈന്യത്തിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ വസതിയില്‍ ചേര്‍ന്ന അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം.

നീറ്റ് ഉള്‍പ്പെടെയുള്ള രാജ്യത്തെ അതീവ പ്രാധാന്യമുള്ള അഖിലേന്ത്യാ പരീക്ഷകളുടെ ചോദ്യപേപ്പര്‍ അച്ചടി, പാക്കിങ്, പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള വിതരണം തുടങ്ങിയ എല്ലാ രഹസ്യ ഘട്ടങ്ങള്‍ക്കും ഇനി മുതല്‍ മിലിട്ടറി ഗ്രേഡ് സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്ര നീക്കം. ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ് പുനപരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍ടിഎയും സംയുക്തമായി വിലയിരുത്തി.

സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അത്യാധുനിക ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നിര്‍ദേശം നല്‍കി. രാജ്യത്തെ ഞെട്ടിച്ച പരീക്ഷാ ക്രമക്കേടില്‍ കഴിഞ്ഞ ദിവസം രണ്ട് പ്രമുഖരെക്കൂടി ഡല്‍ഹിയില്‍ സിബിഐ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

പൂനെയിലെ പ്രമുഖ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ ഡോ. അഭങ് പ്രഭു മെഡിക്കല്‍ അക്കാഡമിയിലെ ഫിസിക്‌സ് അധ്യാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ തേജസ് ഹര്‍ഷദ്കുമാര്‍ ഷായാണ് അറസ്റ്റിലായ ഒരാള്‍. ലാത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. മനോജ് ഷിരൂരെയാണ് മറ്റൊരാള്‍. പ്രതികളെ ഡല്‍ഹിയിലെ പ്രത്യേക കോടതി ജൂണ്‍ ഒന്ന് വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം കേസിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായ റിട്ട. കെമിസ്ട്രി അധ്യാപകന്‍ പി.വി കുല്‍ക്കര്‍ണി, ശിവരാജ് രഘുനാഥ് എന്നിവരെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍ടിഎ നിയമിച്ച ഫിസിക്‌സ് സബ്ജക്ട് എക്‌സ്പര്‍ട്ടും പൂനെയിലെ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ മനീഷ ഹവില്‍ദാറാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയതിന്റെ പ്രധാന ഉറവിടം. മനീഷ ഹവില്‍ദാറുടെ ഫോണില്‍ അറസ്റ്റിലായ ഫിസിക്‌സ് അധ്യാപകന്‍ തേജസ് ഷായുടെ നമ്പര്‍ സേവ് ചെയ്തിരുന്നത് ഗോഡ് എന്ന പേരില്‍ ആയിരുന്നു. മനീഷ ചോര്‍ത്തിയ ഫിസിക്‌സ് ചോദ്യങ്ങള്‍ തേജസ് ഷാ കൈപ്പറ്റുകയും അത് ലാത്തൂരിലെ പ്രമുഖ ആര്‍സിസി കോച്ചിങ് സെന്റര്‍ ഉടമ ശിവരാജ് മൊട്ടേഗാവ്കറിന് കൈമാറുകയും ആയിരുന്നു.

സ്വാധീനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രതികള്‍ രഹസ്യമായി പ്രത്യേക കോച്ചിങ് സെഷനുകള്‍ നടത്തിയതായി സിബിഐ കണ്ടെത്തി. രണ്ട് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ചോദ്യ പേപ്പറിനായി ഈടാക്കിയത്. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പ്രതികളിലേക്ക് എത്തിയ പണത്തിന്റെ ഡിജിറ്റല്‍ രേഖകളും സിബിഐ പിടിച്ചെടുത്തു. കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍, ഡോ. മനോജ് ഷിരൂരെ, ശിവരാജ് മൊട്ടേഗാവ്കറുടെ മകന്‍ എന്നിവരെ കേസില്‍ മാപ്പ് സാക്ഷികളാക്കാന്‍ സിബിഐ നിയമോപദേശം തേടുന്നുണ്ട്.

രാജ്യ വ്യാപകമായി 49 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി ലാപ്‌ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ പ്രമുഖര്‍ വലയിലാകുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.