സിബിഎസ്ഇ പരീക്ഷാ മൂല്യനിര്‍ണയം: ആശങ്കകള്‍ പരിഹരിക്കാന്‍ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍; വീഴ്ച സമ്മതിച്ച് കേന്ദ്ര മന്ത്രി

സിബിഎസ്ഇ പരീക്ഷാ മൂല്യനിര്‍ണയം: ആശങ്കകള്‍ പരിഹരിക്കാന്‍ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍; വീഴ്ച സമ്മതിച്ച് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ മൂല്യ നിര്‍ണയവും പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ഉയര്‍ന്ന പരാതികളും ആശങ്കകളും പരിഹരിക്കാന്‍ അടിയന്തര നടപടികളുമായി സിബിഎസ്ഇ. സംശയ ദൂരീകരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഹെല്‍പ്പ് ലൈന്‍ സംവിധാനം ബോര്‍ഡ് സജ്ജമാക്കി.

1800-11-8002 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ഏത് സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡുമായി ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാ ഫലത്തെക്കുറിച്ച് പൊതുവായി ഉയരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ഓട്ടോമേറ്റഡ് സിസ്റ്റം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഹെല്‍പ്പ് ലൈനില്‍ ഒരുക്കിയിട്ടുണ്ട്. 'ടെലി കൗണ്‍സിലിങ്' എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാകും. ഇത് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സിബിഎസ്ഇയുടെ കണക്കുകൂട്ടല്‍.

ഫോണ്‍ കോള്‍ കൂടാതെ വിശദമായ പരാതികള്‍ ബോര്‍ഡിനെ അറിയിക്കാന്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയും സിബിഎസ്ഇ പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷാ ഫലം പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് [email protected] എന്ന പ്രത്യേക ഇ-മെയില്‍ വിലാസവും ഉപയോഗപ്പെടുത്താം.

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യ നിര്‍ണയത്തില്‍ സാങ്കേതികവും പ്രായോഗികവുമായ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്ന് വ്യക്തമാക്കി. പുതിയതായി നടപ്പിലാക്കിയ ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് രീതിയിലാണ് ചില അപാകതകള്‍ ദൃശ്യമായത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വിദ്യാര്‍ത്ഥികളുടെ ഒരു പരാതി പോലും പരിഹരിക്കപ്പെടാതെ പോകില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.

സാങ്കേതിക തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കാന്‍ ഐഐടി മദ്രാസ്, ഐഐടി കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും അപാകതകള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് പരിഹാര നടപടികളുമായി സിബിഎസ്ഇ രംഗത്തെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.