ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഹൊര്‍മൂസ് കടലിടുക്കിലെ ഉപരോധം ഇന്ത്യന്‍ ഊര്‍ജ ഇറക്കുമതിയെ ബാധിക്കാതിരിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ കുറഞ്ഞത് 30 ദിവസത്തേക്കുള്ള പാചകവാതക ശേഖരം കരുതണമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം.
പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി പൊതുമേഖലാ കമ്പനികള്‍ നിലവിലുള്ള വാണിജ്യ സംഭരണത്തിന് പുറമെയാണ് ഈ അധിക സുരക്ഷാ ശേഖരം സൂക്ഷിക്കേണ്ടത്.
ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതിയില്‍ സിംഹ ഭാഗവും ആശ്രയിക്കുന്നത് പശ്ചിമേഷ്യന്‍ മേഖലയെയാണ്. രാജ്യത്തിന് ആവശ്യമായതിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. 65 ശതമാനവും ഇതേ മേഖലയെ ആശ്രയിക്കുന്നു. ആവശ്യമായതിന്റെ 40 ശതമാനവും ക്രൂഡ് ഓയില്‍ വരുന്നത് ഗള്‍ഫില്‍ നിന്നാണ്.
ഹൊര്‍മൂസ് കടലിടുക്കിലെ തടസങ്ങള്‍ കാരണം അടുത്തിടെ 340 മെട്രിക് ടണ്‍ എല്‍പിജിയുമായി വന്ന എട്ടോളം കപ്പലുകളെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞെങ്കിലും, ഇത് 11 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയൂ. നിലവില്‍ 11 ഇന്ത്യന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ദീര്‍ഘകാല മുന്‍കരുതല്‍ എന്ന നിലയില്‍ 30 ദിവസത്തെ ശേഖരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞത്.
പശ്ചിമേഷ്യന്‍ പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ നോര്‍വേ ഉള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര വിപണികളില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് നിലവില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയ്ക്ക് യാതൊരു ക്ഷാമവും ഇല്ലെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.