വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞതിനു പിന്നാലെ ഭീഷണിയുമായി അമേരിക്ക. കരാർ ഒപ്പിടുകയോ അല്ലെങ്കിൽ യുഎസ് സൈനിക നടപടിയെ നേരിടുകയോ വേണമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാനു മുന്നറിയിപ്പ് നൽകി.
ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും അവർ വഴങ്ങുന്നുണ്ടെന്നുമാണ് യുഎസ് അവകാശപ്പെടുന്നത്. എന്നാൽ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാനോ ഹോർമുസ് കടലിടുക്ക് നിരുപാധികം തുറന്നു കൊടുക്കാനോ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. ലബനനിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന പുതിയ നിബന്ധന കൂടി ഇറാൻ മുന്നോട്ടു വെച്ചതോടെ ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായി.
ഹോർമുസ് കടലിടുക്കിന്റെ നടത്തിപ്പും നിയന്ത്രണവും നിയമപരമായി സ്വന്തമാക്കാൻ ഇറാൻ നീക്കം തുടങ്ങി. ഇതുസംബന്ധിച്ച നിയമത്തിന്റെ കരട് ഉടൻ വോട്ടിനിട്ട് നിയമമാക്കാനാണ് ടെഹ്‌റാന്റെ തീരുമാനം. ഇതിനിടെ കടലിടുക്കിന്റെ പടിഞ്ഞാറു ഭാഗത്ത് മൈനുകൾ ഒഴുകിനടക്കുന്നതായി സംശയിക്കുന്നതിനാൽ നാവികർക്കും മത്സ്യത്തൊഴിലാളികൾക്കും ഒമാൻ മാരിടൈം സുരക്ഷാവിഭാഗം ജാഗ്രതാ നിർദ്ദേശം നൽകി.
അന്താരാഷ്ട്ര ഉപരോധം ലംഘിച്ച് ഇറാൻ തുറമുഖത്ത് അടുക്കാൻ ശ്രമിച്ച ആറ് ചരക്കുകപ്പലുകൾ അമേരിക്ക തടഞ്ഞുവെച്ചു. മുന്നറിയിപ്പുകൾ പലതവണ അവഗണിച്ച ഗാംബിയൻ പതാക വഹിച്ച 'ലിയാൻ സ്റ്റാർ' എന്ന കപ്പലിനെ യുഎസ് സേന ആക്രമിച്ചു തകർത്തു. കപ്പൽ ഇപ്പോൾ പൂർണമായും തകരാറിലായ നിലയിലാണ്.
ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾക്ക് നാട്ടിലേക്ക് മടങ്ങാൻ സമയമായെന്ന ട്രംപിന്റെ നേരത്തെയുള്ള പ്രസ്താവന വലിയ പ്രതീക്ഷ നൽകിയിരുന്നെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങൾ മേഖലയിൽ യുദ്ധഭീതി വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.