മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇറാന്‍ തുറമുഖത്തേക്ക് നീങ്ങിയ ചരക്ക് കപ്പലിന് നേരെ അമേരിക്കയുടെ മിസൈല്‍ ആക്രമണം

മുന്നറിയിപ്പുകള്‍ അവഗണിച്ച്  ഇറാന്‍ തുറമുഖത്തേക്ക്  നീങ്ങിയ ചരക്ക് കപ്പലിന് നേരെ അമേരിക്കയുടെ മിസൈല്‍ ആക്രമണം

വാഷിങ്ടണ്‍: നാവിക ഉപരോധം ലംഘിച്ച് ഇറാന്‍ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ചരക്ക് കപ്പലിന് നേരെ മിസൈല്‍ തൊടുത്ത് അമേരിക്കന്‍ സൈന്യം. ഗാംബിയന്‍ പതാക വഹിച്ച ലിയാന്‍ സ്റ്റാര്‍ എന്ന ചരക്ക് കപ്പലിന് നേരെയാണ് ഗള്‍ഫ് ഓഫ് ഒമാനില്‍ വെച്ച് ആക്രമണം ഉണ്ടായത്.അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലൂടെ ഇറാനിയന്‍ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന കപ്പലിന്റെ എഞ്ചിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്.

സൈനിക നടപടി സ്വീകരിക്കുന്നതിന് മുന്‍പ് കപ്പലിന് ഇരുപതിലധികം തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കരുത് എന്ന നിര്‍ദേശങ്ങള്‍ കപ്പല്‍ അധികൃതര്‍ ആവര്‍ത്തിച്ച് അവഗണിക്കുകയായിരുന്നു.

മിസൈല്‍ ആക്രമണത്തില്‍ എഞ്ചിന്‍ തകരാറിലായതോടെ കപ്പല്‍ കടലില്‍ നിശ്ചലമായ അവസ്ഥയിലാണ്. കപ്പല്‍ നിലവില്‍ ഇറാനിലേക്ക് നീങ്ങുന്നില്ലെന്നും എന്നാല്‍ യു.എസ് സൈന്യം കപ്പലിനുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഉപരോധം ആരംഭിച്ചതിന് ശേഷം ഇതുവരെ ഇറാനിലേക്ക് നീങ്ങിയ ആറ് കപ്പലുകളാണ് അമേരിക്കന്‍ സൈന്യം തടഞ്ഞത്. ഇതിനോടകം ഏകദേശം 116 ലധികം കപ്പലുകളെ മറ്റ് ദിശകളിലേക്ക് വഴിതിരിച്ചു വിട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് അമേരിക്ക ഈ കര്‍ശനമായ നാവിക ഉപരോധം ഏര്‍പ്പെടുത്തിയത്.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നതിനിടയിലാണ് പുതിയ സൈനിക നടപടി ഉണ്ടായത്. വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.