മൂന്നരപ്പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് വനിതാ ഉപാധ്യക്ഷ; ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍

മൂന്നരപ്പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് വനിതാ ഉപാധ്യക്ഷ; ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി യുഡിഎഫിലെ ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 99 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് അംഗമായ ഷാനിമോള്‍ ഉസ്മാന്‍ ഉപാധ്യക്ഷ പദവിയിലെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടുകള്‍ ലഭിച്ചു.

ദീര്‍ഘമായ 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത് എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. കേരള നിയമസഭാ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍ ഉസ്മാന്‍.

ബിജെപിയുടെ മൂന്ന് എംഎല്‍എമാരും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭയില്‍ നിന്നും വിട്ടുനിന്നു.

140 അംഗ സഭയില്‍ സ്പീക്കറെ ഒഴിവാക്കി സ്വതന്ത്രര്‍ അടക്കം 101 പേരുടെ പിന്തുണയുള്ള യുഡിഎഫിന് ഷാനിമോള്‍ ഉസ്മാന്റെ വിജയം തുടക്കം മുതലേ സുരക്ഷിതമായിരുന്നു. ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഷാനിമോളെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റ് സഭാംഗങ്ങളും ആശംസകള്‍ അറിയിച്ച് സീറ്റിലേക്ക് ആനയിച്ചു.

അരൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് അവര്‍. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം, എഐസിസി സെക്രട്ടറി, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങി പാര്‍ട്ടിയിലും ഭരണ രംഗത്തും നിരവധി സുപ്രധാന പദവികള്‍ വഹിച്ച ശേഷമാണ് ഇപ്പോള്‍ നിയമസഭയുടെ ഉപാധ്യക്ഷ പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത്. എഐസിസി സെക്രട്ടറിയാകുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ നേതാവ് കൂടിയാണ് ഷാനിമോള്‍ ഉസ്മാന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.