ലണ്ടന്‍: പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങളും പ്രസവാനന്തര സങ്കീര്‍ണതകളും മൂലമുള്ള ശിശുമരണ നിരക്ക് ലോകത്ത് കുതിച്ചുയരുന്നതായി പഠന റിപ്പോര്‍ട്ട്. പ്രമുഖ അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ദി ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ (ബിഎംജെ) പ്രസിദ്ധീകരിച്ച അഞ്ച് ഗവേഷണ പ്രബന്ധങ്ങളുടെ പരമ്പരയിലാണ് ഈ ആശങ്കാജനകമായ കണക്കുകള്‍ ഉള്ളത്.
2024 ല്‍ ലോകത്താകെ അഞ്ച് വയസ് തികയുന്നതിന് മുന്‍പ് മരണപ്പെട്ടത് 49 ലക്ഷം കുട്ടികളാണ്. ഇതില്‍ 23 ലക്ഷത്തോളം മരണങ്ങളും ജനിച്ച ഉടനെയുള്ള ദിവസങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട നവജാത ശിശുക്കളുടേതായിരുന്നു. ആഗോളതലത്തില്‍ സബ്-സഹാറന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നി മേഖലകളിലാണ് ഇത്തരത്തിലുള്ള ശിശുമരണ നിരക്ക് ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്.
കുട്ടികള്‍, നവജാത ശിശുക്കള്‍, കൗമാരക്കാര്‍ എന്നിവരുടെ തടയാവുന്ന മരണങ്ങള്‍ ഇല്ലാതാക്കുന്നതില്‍ 2015 ന് ശേഷം ആഗോളതലത്തില്‍ വന്‍ തിരിച്ചടിയുണ്ടായതായി ഇറ്റലിയിലെ യുണിസെഫ് (UNICEF) ഇന്നസെന്റി റിസര്‍ച്ച് ഓഫീസിലെ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
2000 മുതല്‍ 2015 വരെയുള്ള കാലയളവില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്കില്‍ പ്രതിവര്‍ഷം 3.9 ശതമാനം കുറവുണ്ടാവുകയും വളരെ വേഗത്തിലുള്ള പുരോഗതി കൈവരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2015 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ ഈ കുറവിന്റെ നിരക്ക് വെറും 1.5 ശതമാനമായി ചുരുങ്ങുകയാണ് ചെയ്തത്. ഇത് ശിശുമരണ നിരക്ക് തടയുന്നതിനുള്ള ആഗോള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ തിരിച്ചടി ഉണ്ടായതിനെയാണ് കാണിക്കുന്നത്.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ജീവന്‍ അപഹരിക്കുന്ന പ്രധാന കാരണങ്ങള്‍ അകാല പ്രസവത്തെത്തുടര്‍ന്നുള്ള സങ്കീര്‍ണതകളും ന്യൂമോണിയയുമാണ്. സുസ്ഥിര വികസന ലക്ഷ്യം 60 രാജ്യങ്ങള്‍ക്ക് അപ്രാപ്യമാകും. 2030 ഓടെ ഓരോ 1000 പ്രസവങ്ങളിലും ശിശുമരണ നിരക്ക് 25 ഉം അതില്‍ താഴെയോ ആയി കുറയ്ക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.
ഈ ലക്ഷ്യം ഇതിനകം കൈവരിച്ച ഇന്ത്യ ഉള്‍പ്പെടെയുള്ള 134 രാജ്യങ്ങള്‍ക്ക് പുറമേ ആറ് രാജ്യങ്ങള്‍ കൂടി ഉടന്‍ തന്നെ ഈ നേട്ടത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 60 രാജ്യങ്ങള്‍ക്ക് 2030 ഓടെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്നത് ആശങ്കാജനകമാണ്. ലോകത്തെ ആകെ കുട്ടികളുടെ ജനസംഖ്യയുടെ 42 ശതമാനവും ജീവിക്കുന്നത് ഈ 60 രാജ്യങ്ങളിലാണ് എന്നത് ഭീതി വര്‍ധിപ്പിക്കുന്നു.
അതേസമയം അഞ്ച് മുതല്‍ 19 വയസ് വരെയുള്ള പ്രായപരിധിയില്‍ 2024 ല്‍ 13 ലക്ഷം മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് മുതല്‍ 14 വയസ് വരെയുള്ളവരുടെ മരണത്തിന് പ്രധാന കാരണം പകര്‍ച്ച വ്യാധികള്‍, പ്രസവ സംബന്ധമായ പ്രശ്‌നങ്ങള്‍, ജനന സമയത്തെ സങ്കീര്‍ണതകള്‍, പോഷകാഹാരക്കുറവ് എന്നിവയാണ്. കുട്ടിക്കാലത്തെ അര്‍ബുദം, റോഡ് അപകടങ്ങള്‍, കൗമാരക്കാരായ അമ്മമാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പലപ്പോഴും നയ രൂപീകരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ അവഗണിക്കപ്പെടുന്നുവെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.
പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക വികസന സഹായങ്ങള്‍ അനിവാര്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
നിലവില്‍ അന്താരാഷ്ട്ര വികസന ഫണ്ടുകളില്‍ കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രാദേശിക സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തകരും സര്‍ക്കാരുകളെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും പിഞ്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നത് ലോകത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.