ന്യൂഡല്‍ഹി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ അടുക്കളയിലേക്ക് വീണ്ടും എണ്ണക്കമ്പനികളുടെ പ്രഹരം. രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. പുതിയ നിരക്ക് രാജ്യ വ്യാപകമായി നിലവില്‍ വന്നു.
കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഇത് രണ്ടാം തവണയാണ് അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് വില വര്‍ധിക്കുന്നത്. പുതിയ മാറ്റത്തോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 913 രൂപയില്‍ നിന്നും 942 രൂപയായി ഉയര്‍ന്നു. പ്രാദേശിക നികുതികളും വണ്ടിക്കൂലിയും ചേരുമ്പോള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉപയോക്താക്കള്‍ ഇതിലും കൂടിയ തുക നല്‍കേണ്ടി വരും.
സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റുകള്‍ പാടേ തകിടം മറിക്കുന്നതാണ് എണ്ണക്കമ്പനികളുടെ തുടര്‍ച്ചയായ നടപടികള്‍. മൂന്ന് മാസത്തിനിടെ 89 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
പശ്ചിമേഷ്യയില്‍ വിട്ടൊഴിയാതെ തുടരുന്ന യുദ്ധാന്തരീക്ഷവും ഇന്ധന ഇറക്കുമതിയിലെ തടസങ്ങളുമാണ് അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജി വില ഉയരാന്‍ കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ഒരു ഗാര്‍ഹിക സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് 703 രൂപയുടെ നഷ്ടം വരുന്നുണ്ടെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ വാദം.
അടുക്കളയിലെ പ്രതിസന്ധിക്ക് പുറമേ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ പോക്കറ്റും ചോരും. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറുകള്‍ക്ക് 42 രൂപ കൂട്ടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഗാര്‍ഹിക വിലയും കൂടിയതോടെ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും ചായയ്ക്കും ലഘു ഭക്ഷണങ്ങള്‍ക്കും വില കൂട്ടാന്‍ ഹോട്ടല്‍ ഉടമകളും നിര്‍ബന്ധിതരായേക്കും. വരും ദിവസങ്ങളില്‍ വിപണിയില്‍ ഇതിന്റെ പ്രതിഫലനം പ്രകടമാകും.