ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പരോക്ഷ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മേഖലയില്‍ വീണ്ടും യു.എസ്-ഇറാന്‍ സൈനിക ഏറ്റുമുട്ടല്‍. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തിയ രണ്ട് ഇറാനിയന്‍ വണ്‍-വേ അറ്റാക്ക് ഡ്രോണുകള്‍ അമേരിക്കന്‍ സൈന്യം ഹോര്‍മുസില്‍ വെടിവെച്ചിട്ടു.
24 മണിക്കൂറിനിടെ രണ്ടാം തവണയാണ് യു.എസ് സേന ഇറാന്‍ ഡ്രോണുകള്‍ തകര്‍ക്കുന്നത്.
ആറ് ഡ്രോണുകളാണ് തകര്‍ത്തത്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് ഭീഷണിയാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് യു.എസ് പ്രതിരോധ സേന ഡ്രോണുകള്‍ തകര്‍ത്തത്. ശനിയാഴ്ച രാത്രി വൈകി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഈ സംഭവത്തിന് തൊട്ടുമുന്‍പ് ഇറാന്റെ നാല് ഡ്രോണുകള്‍ കൂടി യു.എസ് തകര്‍ത്തിരുന്നു. യു.എസ് സഖ്യകക്ഷികളായ ബഹ്‌റിന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം കടുത്തത്. ഇറാനിയന്‍ കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതിരോധം തുടരാന്‍ തങ്ങള്‍ സജ്ജമാണെന്നും യു.എസ് സേന അതീവ ജാഗ്രതയിലാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ആഗോള എണ്ണ വ്യാപാരത്തിന്റെ ആകെ ഇരുപത് ശതമാനവും കടന്ന് പോകുന്ന ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. നിലവില്‍ ഇതിന്റെ നിയന്ത്രണം ഇറാന്‍ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് യു.എസും ഇറാനും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ക്കായി പാക് നയതന്ത്ര ഇടപെടലുകളും ശക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വി ശനിയാഴ്ച ടെഹ്‌റാനിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ അദേഹത്തിന്റെ മൂന്നാമത്തെ ഇറാന്‍ സന്ദര്‍ശനമാണിത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദേഹം കൂടിക്കാഴ്ച നടത്തും.