സലിം കുമാറിന് നാടിന്റെ അന്ത്യാഞ്ജലി; ഇനി ലാഫിങ് വില്ലയില്‍ നിത്യനിദ്ര

സലിം കുമാറിന് നാടിന്റെ അന്ത്യാഞ്ജലി; ഇനി ലാഫിങ് വില്ലയില്‍ നിത്യനിദ്ര

കൊച്ചി: മിമിക്രിയിലൂടെയും സിനിമയിലൂടെയും നിരവധി ചിരി മുഹൂര്‍ത്തങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച  നടന്‍ സലിം കുമാറിന് അന്ത്യാഞ്ജലി. പറവൂരിലെ ലാഫിങ് വില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. ചിതയ്ക്ക് മക്കളായ ചന്തുവും ആരോമലും ചേര്‍ന്ന് തീ കൊളുത്തി.

മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണമെന്നും വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്നും അദേഹം കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഇതനുസരിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

സലിം കുമാറിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ച പറവൂര്‍ ടൗണ്‍ ഹാളിലും വീട്ടിലേക്കുമായി ഒഴുകിയെത്തിയത്.

ഇന്നലെ രാത്രി അന്തരിച്ച അദേഹത്തിന്റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആശുപത്രിയില്‍ നിന്നും പറവൂരിലെ ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിന് എത്തിച്ചത്.

സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. ശേഷം അവസാനമായി സ്വവസതിയായ ലാഫിങ് വില്ലയിലേക്ക്. വീട്ടിലും നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തെ കണ്ടുമടങ്ങിയത്.

മുഖ്യമന്ത്രി വി ഡി സതീശന്‍, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, എംഎല്‍എയായ രമേശ് പിഷാരടി, സംവിധായകന്‍ കമല്‍, നടന്‍ ജയറാം, നടി നവ്യ നായര്‍ തുടങ്ങി നിരവധിപ്പേര്‍ ടൗണ്‍ ഹാളിലെത്തി.

ഇന്നലെ രാത്രി 10.43 നായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.

മലയാള സിനിമയില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ സലിം കുമാര്‍ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996 ല്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം.

2006 ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് സലിംകുമാര്‍ അര്‍ഹനായി. 2011 ല്‍ ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിം സ്വന്തമാക്കി.

മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 320 ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ കറുത്ത ജൂതന്‍ ഉള്‍പ്പെടെ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കറുത്ത ജൂതന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത് സലിം കുമാറായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.