'കളി കഴിഞ്ഞാല്‍ ഉടന്‍ യു.എസ് മണ്ണില്‍ നിന്നും മടങ്ങണം'; ഇറാന്‍ ഫുട്‌ബോള്‍ ടീമിന് കര്‍ശന വിലക്കുമായി അമേരിക്ക

'കളി കഴിഞ്ഞാല്‍ ഉടന്‍ യു.എസ് മണ്ണില്‍ നിന്നും മടങ്ങണം'; ഇറാന്‍ ഫുട്‌ബോള്‍ ടീമിന് കര്‍ശന വിലക്കുമായി അമേരിക്ക

മെക്‌സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തുന്ന ഇറാന്‍ ദേശീയ ടീമിന് മുന്നില്‍ കടുത്ത നിബന്ധനകളുമായി യു.എസ് ഭരണകൂടം. മത്സര ദിവസം രാവിലെ മാത്രമേ ഇറാനിയന്‍ ടീമിന് അമേരിക്കന്‍ മണ്ണില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. കളി കഴിഞ്ഞ് ഫൈനല്‍ വിസില്‍ മുഴങ്ങുന്നതോടെ ടീം രാജ്യം വിടണമെന്നും യു.എസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

'മത്സര ദിവസം രാവിലെ ഞങ്ങള്‍ക്ക് യു.എസില്‍ പ്രവേശിക്കാം, എന്നാല്‍ അന്നുതന്നെ മടങ്ങുകയും വേണം.'- മെക്‌സിക്കോയിലെ ഇറാന്‍ അംബാസഡര്‍ അബോള്‍ഫാസല്‍ പസന്ദിദെഹ് വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത രാഷ്ട്രീയ-യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. ട്രെയിനിങ് ക്യാമ്പ് മെക്‌സിക്കോയിലേക്ക് മാറ്റി യു.എസുമായുള്ള വിസ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇറാന്‍ ടീം തങ്ങളുടെ പരിശീലന ക്യാമ്പ് അമേരിക്കയിലെ അരിസോണയില്‍ നിന്നും മെക്‌സിക്കോയിലെ അതിര്‍ത്തി നഗരമായ ടിജുവാനയിലേക്ക് മാറ്റിയിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 5:30 ന് ടീം മെക്‌സിക്കോയില്‍ എത്തിച്ചേര്‍ന്നു. വെള്ള ടി-ഷര്‍ട്ടും നീല ബ്ലേസറുമണിഞ്ഞ് സ്വകാര്യ ജെറ്റിലാണ് ടീം അന്റാലിയയില്‍ നിന്ന് ഇവിടെയെത്തിയത്. മെക്‌സിക്കോ ഇറാന്‍ ടീമിന് നേരത്തെ തന്നെ വിസ അനുവദിച്ചിരുന്നു. ടീമിലെ കളിക്കാര്‍ക്ക് യു.എസ് വിസ ലഭിച്ചെങ്കിലും ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ മെഹ്ദി താജ് അടക്കമുള്ള പ്രധാന മാനേജ്‌മെന്റ്-അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക വിസ നിഷേധിച്ചത് വലിയ നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

അതേസമയം സ്‌പോര്‍ട്‌സില്‍ അമേരിക്ക രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് ഇറാന്‍ ആരോപിച്ചു. ന്യൂസിലാന്‍ഡ്, ബെല്‍ജിയം, ഈജിപ്റ്റ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാന്‍ മത്സരിക്കുന്നത്. വിലക്കുകള്‍ ഉള്ളതിനാല്‍ മെക്‌സിക്കോയിലെ ക്യാമ്പില്‍ നിന്നും മത്സര ദിവസം മാത്രം യു.എസിലേക്ക് പറന്ന് കളി കഴിഞ്ഞ് ഉടന്‍ മടങ്ങാനാണ് ടീമിന്റെ തീരുമാനം.

ഫിഫ ചട്ടപ്രകാരം മത്സരത്തിന് തലേദിവസം പരിശീലകരും ക്യാപ്റ്റന്മാരും മാധ്യമങ്ങളെ കാണണമെന്ന നിബന്ധന നിലനില്‍ക്കെ അമേരിക്കയുടെ ഈ കര്‍ശന നിലപാട് ടൂര്‍ണമെന്റില്‍ ഇറാന്‍ ടീമിന് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ ഫിഫയുടെ ഇടപെടലുണ്ടാകുമോ എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.