തൃണമൂലിലെ 20 എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പം; ഡിഎംകെയെ അനുനയിപ്പിച്ചും സ്വതന്ത്ര എംപിമാരെ ചാക്കിലാക്കിയും ഭരണഘടന ഭേദഗതി ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര നീക്കം

തൃണമൂലിലെ 20 എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പം; ഡിഎംകെയെ അനുനയിപ്പിച്ചും  സ്വതന്ത്ര എംപിമാരെ ചാക്കിലാക്കിയും ഭരണഘടന ഭേദഗതി ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും മാറിയ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് മണ്ഡല പുനര്‍നിര്‍ണയവും വനിതാ സംവരണവും നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ചില നിര്‍ണായക മാറ്റങ്ങളോടെ ബില്‍ വീണ്ടും കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ശ്രമം. കഴിഞ്ഞ ഏപ്രിലില്‍ ലോക്സഭയില്‍ ഈ ബില്‍ പരാജയപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി എംഎല്‍എമാരുടെയും എംപിമാരുടെയും പിളപ്പിലേക്ക് എത്തി. തൃണമൂല്‍ കോണ്‍ഗ്രസിലെ 20 എംപിമാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ എന്‍ഡിഎയുടെ ലോക്‌സഭയിലെ അംഗബലം 293 ല്‍ നിന്ന് 313 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ടിവികെയുമായി സഹകരിച്ചതില്‍ പ്രതിഷേധിച്ച് ഡിഎംകെ ഇന്ത്യാ സഖ്യം വിട്ടിരുന്നു. ലോക്‌സഭയില്‍ 22 അംഗങ്ങളുള്ള ഡിഎംകെയെ എങ്ങനെയെങ്കിലും ഒപ്പം നിര്‍ത്താന്‍ ബിജെപി നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരെ കൂടാതെ ഇരു മുന്നണികളുടെയും ഭാഗമല്ലാത്ത 12 എംപിമാരെക്കൂടി ചാക്കിട്ടു പിടിച്ചാല്‍ എന്‍ഡിഎ അംഗ സംഖ്യ 347 ആകും.

സഭയില്‍ എല്ലാ അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനാ ഭേദഗതികള്‍ പാസാകാനുള്ള മൂന്നില്‍രണ്ട് ഭൂരിപക്ഷത്തിനു വേണ്ടത് 360 പേരുടെ പിന്തുണയാണ്. എന്നാല്‍ വോട്ടെടുപ്പില്‍നിന്ന് ആരെങ്കിലും വിട്ടുനിന്നാല്‍ ഭൂരിപക്ഷത്തിനുള്ള സംഖ്യ കുറയും. അങ്ങനെയൊരു സാധ്യതയിലേക്കാണ് ബിജെപി കരുക്കള്‍ നീക്കുന്നത്.

മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തുമ്പോള്‍, എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകള്‍ നിലവിലുള്ള അനുപാതത്തിന് അനുസൃതമായി നിലനിര്‍ത്തുമെന്ന് വ്യക്തമാക്കുന്ന ഭേദഗതികളോടെയാണ് പുതിയ ബില്‍ വരുന്നതെന്നാണ് സൂചന.

സംസ്ഥാനങ്ങള്‍ക്കിടയില്‍ ഈ സീറ്റ് വിഭജനം 1971 ലെ സെന്‍സസ് തന്നെ അടിസ്ഥാനമായി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. പ്രത്യേക മണ്ഡലപുനര്‍നിര്‍ണയ ബില്‍ പാസാക്കിയ ശേഷം രൂപീകരിക്കുന്ന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ആയിരിക്കും പുതിയ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങള്‍ എങ്ങനെ പുനക്രമീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.