ലൈസന്‍സ് ഇല്ലാതെ വിമാനം പറത്തിയത് 17 വര്‍ഷം!.. വ്യാജ പൈലറ്റ് അറസ്റ്റിലായത് വിരമിച്ച ശേഷം

ലൈസന്‍സ് ഇല്ലാതെ വിമാനം പറത്തിയത് 17 വര്‍ഷം!..  വ്യാജ പൈലറ്റ് അറസ്റ്റിലായത് വിരമിച്ച ശേഷം

ഒട്ടാവ: വ്യാജ ലൈസന്‍സ് ഉപയോഗിച്ച് 17 വര്‍ഷം വിമാനം പറത്തിയ ആള്‍ അറസ്റ്റില്‍. കാനഡയിലാണ് സംഭവം. ലൈസന്‍സ് നേടുകയോ നിര്‍ബന്ധിത പരിശോധനകള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാതെ ജെഫ്രി വാള്‍ എന്നയാളാണ് വര്‍ഷങ്ങളായി വിമാനം പറത്തിയത്.

ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയതായി കനേഡിയന്‍ പൊലീസ് അറിയിച്ചു. തട്ടിപ്പ്, വ്യാജരേഖകള്‍ ചമയ്ക്കല്‍, വ്യാജ മുദ്ര കൈവശം വെക്കല്‍ എന്നിയുള്‍പ്പടെ വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ജെഫ്രിക്കെതിരെ ചുമത്തി.

2009 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇയാള്‍   എയര്‍ കാനഡയുടേത് അടക്കം  ആയിരത്തോളം ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില്‍ പൈലറ്റായി ജോലി ചെയ്തു. പിന്നീട് ഇയാള്‍ പൈലറ്റ് ഇന്‍ കമാന്‍ഡ് പദവിയിലേക്ക് ഉയരുകയും 17 വര്‍ഷത്തോളം ബോയിംഗ് 767, 777, 787 വിമാനങ്ങള്‍ പറത്തുകയും ചെയ്തു.

ഇക്കാലയളവില്‍ 30 ലക്ഷം കനേഡിയന്‍ ഡോളറാണ് ശമ്പളമായി കൈപ്പറ്റി. എന്നാല്‍ 2025 ല്‍ സര്‍ടിഫിക്കറ്റുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എയര്‍ കാനഡ അധികൃതരെ വിവരമറിയിച്ചു. 2025 ല്‍ ഇയാള്‍ വിരമിച്ച ശേഷമാണ് വിശദമായ അന്വേഷണം നടത്തുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായത്.

വാണിജ്യ വിമാനങ്ങള്‍ പറത്താനുള്ള പ്രാഥമിക ലൈസന്‍സ് ഇയാള്‍ക്ക് ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ യാത്രാ വിമാനങ്ങള്‍ പറത്തുന്നതിന് ആവശ്യമായ എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് ഉണ്ടായിരുന്നില്ല.

ഇത് 'ഫാമിലി മെഡിസിന്‍ പരിശീലിക്കാന്‍ ലൈസന്‍സുള്ള ഡോക്ടര്‍ ബ്രെയിന്‍ സര്‍ജറി ചെയ്യുന്നത് പോലെയാണ്' എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.