മസ്‌കറ്റ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഒമാന്‍ തീരത്ത് മറ്റൊരു ചരക്ക് കപ്പലിന് നേരെയും ആക്രമണം. ഷിനാസ് തുറമുഖത്തിന് സമീപമാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.
കപ്പല്‍ ആക്രമിക്കപ്പെട്ടതായി മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
എം.ടി ജല്‍വീര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇന്ത്യന്‍ എംബസി സ്ഥരീകരിച്ചിട്ടില്ല. പുതുതായി അപകടത്തില്‍പ്പെട്ട കപ്പലിനെകുറിച്ചോ എത്ര ജീവനക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ അതീവ ഗൗരവതരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ഇന്നലെ ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ധന ടാങ്കര്‍ സെറ്റെബെല്ലോയ്ക്ക് നേരെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ കപ്പല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗള്‍ഫ് മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രവാസികളില്‍ കടുത്ത ആശങ്കയിലാണ്. വിമാനത്താവളങ്ങളിലുണ്ടായ ഡ്രോണ്‍ ആക്രമണവും വ്യോമപാത അടയ്ക്കലും മലയാളികള്‍ അടങ്ങുന്ന പ്രവാസി സമൂഹത്തിന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരവധി വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും റദ്ദാക്കുകയും ചെയ്യുന്നത് ഗള്‍ഫ് മേഖലകളില്‍ ആശങ്ക സൃഷ്ടിച്ചതിന് പിന്നാലെയാണ് ഇന്ത്യാക്കാര്‍ ജീവനക്കാരായുള്ള കപ്പലുകള്‍ക്ക് നേരെ ആക്രമണം പതിവാകുന്നത്.