മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ക്രൈസ്തവ ആരാധനാ ചിഹ്നങ്ങൾക്കുനേരെയുള്ള അക്രമ സംഭവങ്ങൾ വീണ്ടും ആശങ്കയുയർത്തുന്നു. പരേൽ മേഖലയിലെ റോഡരികിൽ സ്ഥാപിച്ചിരുന്ന യേശു ക്രിസ്തുവിന്റെ ക്രൂശിത രൂപം അജ്ഞാതർ തകർത്തതായി റിപ്പോർട്ട്. ജൂൺ ഏഴിനാണ് വിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയ സംഭവം നടന്നത്.
സംഭവത്തെ ശക്തമായി അപലപിച്ച പരേൽ ഹോളി ക്രോസ് ഇടവക വികാരി ഫാ. ഫ്രാൻസിസ് നൊറോണ ഇത് വിശ്വാസികളുടെ വികാരങ്ങളെ ആഴത്തിൽ മുറിപ്പെടുത്തിയ കാടത്ത പ്രവർത്തിയാണെന്ന് പ്രതികരിച്ചു. മുംബൈയിലെ ക്രൈസ്തവ ആരാധനാലയങ്ങൾക്കും മതചിഹ്നങ്ങൾക്കും നേരെ സമീപ കാലത്ത് വർധിച്ചുവരുന്ന അക്രമങ്ങൾ ബോംബെ അതിരൂപതയിലും വിശ്വാസി സമൂഹത്തിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ പ്രധാന സംഭവമാണിത്. മെയ് 13-14 തീയതികളിൽ അന്ധേരി ഈസ്റ്റിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് രണ്ടു തവണ അക്രമികൾ നശിപ്പിച്ചിരുന്നു.
ആരാധനാലയങ്ങളുടെയും മതചിഹ്നങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. മതസൗഹാർദത്തെയും സാമൂഹിക ഐക്യത്തെയും തകർക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന ആവശ്യം വിശ്വാസികൾക്കിടയിൽ ശക്തമാകുകയാണ്.