ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച നടത്തും. ജൂണ്‍ 17 നാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
ജി7 ഉച്ചകോടിയുടെ ഭാഗമായി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്.
ഇന്ത്യ-യു.എസ് നയതന്ത്ര ബന്ധത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഘട്ടത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ഉഭയകക്ഷി വ്യാപാര കരാറുകള്‍, ആഗോള വിതരണ ശൃംഖലയുടെ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ സഹകരണം, നിക്ഷേപ പങ്കാളിത്തം എന്നിവ ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളാകും. കൂടാതെ എച്ച്1 ബി വിസാ നയങ്ങള്‍, ഊര്‍ജ്ജ സഹകരണം, പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യം എന്നിവയും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. ഫെബ്രുവരി 2025 ല്‍ വാഷിംഗ്ടണില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപും മോദിയും നേരിട്ട് ചര്‍ച്ച നടത്തുന്ന ആദ്യ വേദി കൂടിയാണിത്.
ഒമാന്‍ തീരത്തിന് സമീപം വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഉണ്ടായ തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ കൂടിക്കാഴ്ച. നേരത്തെ ഒമാന്‍ തീരത്ത് യു.എസ് ആക്രമണത്തില്‍ തീപിടിച്ച ചരക്കുകപ്പലില്‍ നിന്ന് കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മേഖലയില്‍ മറ്റ് കപ്പലുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. അന്താരാഷ്ട്ര കപ്പല്‍ ചാലുകളിലെ സുരക്ഷാ ആശങ്കകളില്‍ ഇന്ത്യ രണ്ട് തവണയാണ് യു.എസ് പ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രാദേശിക-സമുദ്ര സുരക്ഷാ വിഷയങ്ങളും ചര്‍ച്ചകളില്‍ പ്രധാനമായി ഉയര്‍ന്നുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെ തെളിവാണ് ജി7 ഉച്ചകോടിയിലേക്കുള്ള ക്ഷണമെന്ന് ഫ്രാന്‍സിലേക്ക് തിരിക്കും മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ശബ്ദം ഉയര്‍ത്തുന്നതിനൊപ്പം ആഗോള തെക്കിന്റെ പ്രതീക്ഷകള്‍ക്കും ഉച്ചകോടിയില്‍ രാജ്യം ശബ്ദമാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.