ചിക്കാഗോ: ചിക്കാഗോ നഗരമധ്യത്തിലെ ഗ്രാന്റ് പാർക്കിൽ മരം കൊണ്ട് നിർമ്മിച്ച കൂറ്റൻ കുരിശ് പരസ്യമായി കത്തിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ ഒമ്പതിന് ഉച്ചയ്ക്ക് നടന്ന ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്. പിടിയിലായ വ്യക്തിയുടെ പേരു വിവരങ്ങളോ ചുമത്തിയിരിക്കുന്ന കുറ്റങ്ങളോ പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ജൂൺ ഒമ്പതിന് ഉച്ചയ്ക്ക് 2. 30-ഓടെയാണ് ഗ്രാന്റ് പാർക്കിൽ നടുക്കുന്ന ഈ സംഭവം നടന്നത്. വഴിയാത്രക്കാർ നോക്കിനിൽക്കെ കുരിശിന് തീയിടുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
മുൻകാലങ്ങളിൽ അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരായ വംശീയ വിദ്വേഷം വളർത്താൻ തീവ്ര വംശീയവാദികൾ ഉപയോഗിച്ചിരുന്ന ഒരു വിദ്വേഷ പ്രതീകമാണ് 'കത്തുന്ന കുരിശ്'.
സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് തൊട്ടടുത്ത ദിവസം തന്നെ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു.
അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ നേതാക്കളും സംഭവത്തെ രൂക്ഷമായി വിമർശിച്ചു. കറുത്ത വർഗക്കാർക്കെതിരായ വംശീയ വിദ്വേഷം നമ്മുടെ സമൂഹത്തിൽ ഇന്നും എത്രമാത്രം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ പ്രതികരിച്ചു. കേസിൽ തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.