ഓപ്പറേഷന്‍ തൂഫാന്‍: ലഹരിക്കെതിരായ മഹാ പോരാട്ടത്തില്‍ കൈകോര്‍ത്ത് മോഹന്‍ലാല്‍; 'ഞാനും ഇനി തൂഫാന്‍ വാരിയര്‍'

ഓപ്പറേഷന്‍ തൂഫാന്‍: ലഹരിക്കെതിരായ മഹാ പോരാട്ടത്തില്‍ കൈകോര്‍ത്ത് മോഹന്‍ലാല്‍; 'ഞാനും ഇനി തൂഫാന്‍ വാരിയര്‍'

ഇടുക്കി: ലഹരി മാഫിയയുടെ വേരറുക്കാന്‍ കേരള പൊലീസ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട് ക്യാമ്പയിന് പൂര്‍ണ പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍. ഈ വലിയ പോരാട്ടത്തില്‍ താനും ഒരു തൂഫാന്‍ വാരിയര്‍ ആയി അണിചേരുകയാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചു.

ലഹരിമുക്ത കേരളത്തിനായി 'വിശ്വശാന്തി ഫൗണ്ടേഷനും'

തന്റെ മാതാപിതാക്കളുടെ ഓര്‍മ്മയ്ക്കായി രൂപീകരിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന 'ബി എ ഹീറോ, സേ നോ റ്റു ഡ്രഗ്‌സ്' എന്ന പ്രോജക്റ്റിന്റെ വിശദാംശങ്ങള്‍ മോഹന്‍ലാല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന് ഏത് രീതിയിലുള്ള സഹകരണത്തിനും താനും ഫൗണ്ടേഷനും സന്നദ്ധമാണെന്ന് താരം അറിയിച്ചു.

'ഈ പോരാട്ടം വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. ലഹരിക്കെതിരായ ഇത്തരം നടപടികള്‍ക്ക് ശക്തമായ തുടര്‍ച്ചയുണ്ടാകണം. ഇങ്ങനെയൊരു മികച്ച പദ്ധതി ആവിഷ്‌കരിച്ചതിന് സര്‍ക്കാരിനോടും പൊലീസിനോടും നന്ദി പറയുന്നു. വളരെയധികം കുടുംബങ്ങളേയും വിദ്യാര്‍ത്ഥികളേയും ഇതിലൂടെ രക്ഷിക്കാനാകും. ഈ പദ്ധതി ഒരു 'തൂഫാന്‍' (കൊടുങ്കാറ്റ്) ആയി മുന്നേറട്ടെ.'- മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ലഹരി മാഫിയക്കെതിരായ ഈ നീക്കം ഒരു താല്‍ക്കാലിക ആവേശം മാത്രമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. യാതൊരുവിധ രാഷ്ട്രീയഭേദവുമില്ലാതെ സമൂഹത്തിലെ മുഴുവന്‍ ആളുകളുടേയും പങ്കാളിത്തത്തോടെയാണ് ഓപ്പറേഷന്‍ തൂഫാന്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ക്യാമ്പയിന്റെ ഭാഗമായി 'അയാം എ തൂഫാന്‍ വാരിയര്‍'എന്ന് രേഖപ്പെടുത്തിയ പ്രത്യേക ബാഡ്ജ് മന്ത്രി മോഹന്‍ലാലിന് കൈമാറി.

തൊടുപുഴയില്‍ വെച്ചു നടന്ന കൂടിക്കാഴ്ചയില്‍ ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയും ആഭ്യന്തരമന്ത്രിയോടൊപ്പം പങ്കെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.