തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ലോക്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) പരിശോധിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചെദ്യം ചെയ്യലിന്റെ അനുബന്ധ നടപടി ആയാണ് ലോക്കര്‍ പരിശോധന.
തിരുവനന്തപുരം ആയുര്‍വേദ കോളേജിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിനിടെ വീണ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്കര്‍ പരിശോധിക്കുന്നത്. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് പരിശോധന നടക്കുന്നത്.
സിഎംആര്‍എല്‍ കമ്പനിയുമായുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകളില്‍ എക്സാലോജിക് സൊല്യൂഷന്‍സ് ഉടമ വീണാ വിജയനെ ഇ.ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. രാവിലെ പതിനൊന്നിനാരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് ആറോടെയാണ് അവസാനിച്ചത്. മൂന്നുതവണ ഇടവേള നല്‍കി. രേഖപ്പെടുത്തിയ മറുപടികള്‍ വായിച്ചു കേട്ടശേഷം നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി 7.52 നാണ് വീണ പുറത്തെത്തിയത്.
സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ പ്രതിഫലം കൈപ്പറ്റിയത് സോഫ്റ്റ് വെയര്‍ പരിപാലന സേവനങ്ങള്‍ നല്‍കിയതിനാണെന്ന് വീണ മറുപടി നല്‍കിയെന്നാണ് സൂചന. കമ്പനി പൂട്ടിയതിനാല്‍ സേവനങ്ങളുടെ വിശദാംശങ്ങളോ തെളിവുകളോ കൈവശമില്ലെന്നും പറഞ്ഞിരുന്നു.
ബാങ്ക് അക്കൗണ്ടുകളില്‍ എവിടെ നിന്നെല്ലാം പണം ലഭിച്ചു, എങ്ങനെ ചെലവഴിച്ചു തുടങ്ങിയവയില്‍ ഇ.ഡി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും പലതിനും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും വിവരമുണ്ട്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്.