മിലാന്‍: ജി7 ഉച്ചകോടിക്കിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി തന്നോടൊപ്പം ഫോട്ടോയെടുക്കാന്‍ യാചിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം നിക്ഷേധിച്ച് ജോര്‍ജിയ മെലോണി. ട്രംപിന്റെ വാദങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ഇറ്റലിയിലെ ലാ7 ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ മെലോണി യാചിക്കുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞത്. തനിക്ക് മെലോണിയോട് സംസാരിക്കേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ലെന്നും താന്‍ സംസാരിച്ചതില്‍ അവര്‍ ഒരുപക്ഷേ സന്തോഷിക്കുന്നുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.
'അവര്‍ ഒരുപക്ഷേ ഞാന്‍ സംസാരിച്ചതില്‍ സന്തോഷിക്കുന്നുണ്ടാകും. എനിക്ക് അവരോട് സംസാരിക്കേണ്ട കാര്യമില്ലായിരുന്നു. എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ അവര്‍ യാചിക്കുകയായിരുന്നു. അത്രയധികം അവര്‍ അത് ആഗ്രഹിച്ചു. ഞാന്‍ സമ്മതിക്കുമായിരുന്നില്ല, പക്ഷേ കൂടുതല്‍ ചോദിച്ചപ്പോള്‍ എനിക്ക് അവരോട് പാവം തോന്നി' - ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.
ട്രംപിന്റെ പരാമര്‍ശം തള്ളിക്കളഞ്ഞ മെലോണി, ഇതില്‍ താന്‍ ആശ്ചര്യപ്പെട്ടെന്നും പ്രതികരിച്ചു. സ്വന്തം സഖ്യകക്ഷികള്‍ക്കു നേരെ ട്രംപ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത് ആദ്യമായല്ലെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു.
'ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. എനിക്ക് വലിയ ആശ്ചര്യം തോന്നുന്നു. യുഎസ് പ്രസിഡന്റ് സ്വന്തം സഖ്യകക്ഷികളോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിയില്ല. എന്തായാലും ഇത് ആദ്യമായിട്ടല്ല സംഭവിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെയും ശത്രുക്കളോട് അദേഹം ഇതേ സമീപനം കാണിക്കുന്നില്ല എന്നത് സങ്കടകരമാണ്. ശത്രുക്കളോട് അദേഹം വളരെ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഒരു കാര്യം ട്രംപ് ഓര്‍ക്കുന്നത് നല്ലതാണ്. ഞാനും ഇറ്റലിയും ആരുടെയും മുന്നില്‍ യാചിക്കാറില്ല'- അവര്‍ പറഞ്ഞു.
ട്രംപിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ആന്റോണിയോ തയാനി തന്റെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. മെലോണിക്കെതിരായ ട്രംപിന്റെ വാക്കുകള്‍ ഇറ്റലിയെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് അദേഹം എക്സില്‍ കുറിച്ചു.
ജൂണ്‍ 21, 22 തിയതികളില്‍ യു.എസ് സന്ദര്‍ശിക്കേണ്ടതായിരുന്നു തയാനി. ഭീഷണിയുടെ നിഴലില്‍ പോലും മെലോണി ഒരു ഫോട്ടോയ്ക്കായി ആരുടെയും മുന്നില്‍ യാചിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗ്വിഡോ ക്രോസെറ്റോയും വ്യക്തമാക്കി.
ട്രംപ് വീണ്ടും അധികാരമേറ്റപ്പോള്‍ അമേരിക്കയുമായി ശക്തമായ ബന്ധം നിലനിര്‍ത്താനാണ് മെലോണി തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍ മാര്‍പാപ്പയ്ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.
ഇറാന്‍ സംഘര്‍ഷത്തെ അപലപിച്ച ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ട്രംപ് വിമര്‍ശിച്ചതിനെ മെലോണി ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ് പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തു. നിലവിലെ ഫോട്ടോ വിവാദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.