കനത്ത സുരക്ഷയില്‍ നീറ്റ് പുനപരീക്ഷ ഇന്ന്; പഴുതടച്ച ക്രമീകരണങ്ങളുമായി എന്‍.ടി.എ

കനത്ത സുരക്ഷയില്‍ നീറ്റ് പുനപരീക്ഷ ഇന്ന്; പഴുതടച്ച ക്രമീകരണങ്ങളുമായി എന്‍.ടി.എ

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ പുതുക്കിയ തിയതി അനുസരിച്ചുള്ള പുനപരീക്ഷ ഇന്ന് നടക്കും. രാജ്യത്തിനകത്തും പുറത്തുമായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് വീണ്ടും പരീക്ഷാ ഹാളുകളിലേക്ക് എത്തുന്നത്. പരീക്ഷ പൂര്‍ണമായും സുരക്ഷിതവും സുതാര്യവുമായി നടത്താന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങളാണ് ദേശീയ പരീക്ഷാ ഏജന്‍സി ഒരുക്കിയിരിക്കുന്നത്.

ഉച്ചയ്ക്ക് 2:00 മുതല്‍ വൈകുന്നേരം 5:15 വരെയാണ് പരീക്ഷാ സമയം. (മുന്‍പത്തെക്കാള്‍ 15 മിനിറ്റ് അധിക സമയം ഇത്തവണ അനുവദിച്ചിട്ടുണ്ട്). പരീക്ഷയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള അതീവ സുരക്ഷാ വലയമാണ് രാജ്യമൊട്ടാകെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ആകെ 5,440 പരീക്ഷാ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രണ്ടരലക്ഷത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും 15,000 അര്‍ധ സൈനികരെയുമാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള ചോദ്യ പേപ്പറുകള്‍ പരീക്ഷാ നഗരങ്ങളില്‍ എത്തിച്ചത് ഇന്ത്യന്‍ വ്യോമ സേനയുടെ പ്രത്യേക വിമാനങ്ങളിലാണ്. ചോദ്യ പേപ്പറുകളുടെയും ഉത്തരം രേഖപ്പെടുത്തിയ ഒഎംആര്‍ ഷീറ്റുകളുടെയും പൂര്‍ണമായ സുരക്ഷാ ചുമതല അര്‍ധസൈനിക വിഭാഗങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

പരീക്ഷാ കേന്ദ്രങ്ങളിലുടനീളം 1.38 ലക്ഷത്തിലധികം സിസിടിവി ക്യാമറകളും, ഇലക്ട്രോണിക് കൃത്രിമങ്ങള്‍ പൂര്‍ണമായും തടയുന്നതിനായി 51,000 ല്‍ അധികം ഡിജിറ്റല്‍ സിഗ്‌നല്‍ ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറാ ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്സമയം നിരീക്ഷിക്കാന്‍ എന്‍ടിഎയുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ പരീക്ഷാ നടത്തിപ്പിന്റെ സുതാര്യത ഉറപ്പാക്കാനായി 674 സിറ്റി കോര്‍ഡിനേറ്റര്‍മാരും 6,669 സ്വതന്ത്ര നിരീക്ഷകരും പരീക്ഷാ കേന്ദ്രങ്ങളില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് എന്‍.ടി.എ അതീവ കര്‍ശനമായ സമയക്രമവും നിബന്ധനകളുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതനുസരിച്ച് രാവിലെ 11:00 ന് മുതല്‍ ഉച്ചയ്ക്ക് 1:30 വരെ മാത്രമായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. നിശ്ചയിച്ചിട്ടുള്ള സമയപരിധിയായ 1:30 ന് ശേഷം എത്തുന്ന ഒരു വിദ്യാര്‍ത്ഥിയെയും യാതൊരു കാരണവശാലും പരീക്ഷാ ഹാളിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കരുതേണ്ട രേഖകള്‍:

ജൂണ്‍ 21 ലെ പരീക്ഷയ്ക്കായി പുതുതായി ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡ്. (പഴയ അഡ്മിറ്റ് കാര്‍ഡുകള്‍ക്ക് സാധുതയുണ്ടായിരിക്കില്ല).

സാധുവായ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ (ആധാര്‍,പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി തുടങ്ങിയവ).
രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍.

മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍ എന്നിവ പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കില്ല. കര്‍ശനമായ ഡ്രസ് കോഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുക.

പരീക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ക്കോ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കോ ശ്രമിച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ കര്‍ശനമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരും എന്‍ടിഎയും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.