താരസംഘടന ഇനി പിഷാരടിയുടെ കൈകളില്‍; എഎംഎംഎയില്‍ നാല് മാസത്തേക്ക് അഡ്‌ഹോക്ക് കമ്മിറ്റി

താരസംഘടന ഇനി പിഷാരടിയുടെ കൈകളില്‍; എഎംഎംഎയില്‍ നാല് മാസത്തേക്ക് അഡ്‌ഹോക്ക് കമ്മിറ്റി

കൊച്ചി: എഎംഎംഎയില്‍ നിന്ന് പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പൂര്‍ണമായി രാജിവെച്ച സാഹചര്യത്തില്‍ സംഘടനയെ നയിക്കാന്‍ നടന്‍ രമേഷ് പിഷാരടി കണ്‍വീനറായി ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി നടന്‍ ബാബുരാജ് അറിയിച്ചു. നാല് മാസത്തെ കാലാവധിക്കാണ് ഈ ഇടക്കാല കമ്മിറ്റി രൂപീകരിക്കുന്നത്. കെ.ബി ഗണേഷ് കുമാറും കമ്മിറ്റിയുടെ ഭാഗമാകും.

ജനറല്‍ ബോഡി യോഗത്തില്‍ ഭാരവാഹികള്‍ക്കെതിരെ കടുത്ത സാമ്പത്തിക-ഭരണപരമായ ആരോപണങ്ങളാണ് ഉയര്‍ന്നത്. ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് 67 ലക്ഷം രൂപയുടെ കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ബാബുരാജ് ആരോപിച്ചു. യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും പരാതി ഉന്നയിച്ച നടി അന്‍സിബ ഹസന് ഒപ്പമായിരുന്നുവെന്നും അദേഹം വ്യക്തമാക്കി.

പരസ്പരം തമ്മിലടിച്ചിരുന്ന ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തങ്ങളുടെ വീഴ്ചകള്‍ മറച്ചുവെയ്ക്കാന്‍ ജനറല്‍ ബോഡിയില്‍ ഒറ്റക്കെട്ടായി നിന്ന് സ്ത്രീ കാര്‍ഡ് ഇറക്കുകയാണെന്ന് ബാബുരാജ് തുറന്നടിച്ചു. എഎംഎംഎയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളുടെ പരാതികള്‍ ഉയര്‍ന്നത് ശ്വേതയുടെ കാലത്താണെന്നും മുന്‍ ഭരണസമിതിയുടെ തലയില്‍ കുറ്റം കെട്ടിവെയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ശ്വേതാ മേനോന്‍ പൂര്‍ണമായി തള്ളി. നിലവിലെ ഭരണസമിതിയെ പുറത്താക്കാന്‍ കൃത്യമായ അജണ്ടയോടെ ചിലര്‍ പ്രവര്‍ത്തിച്ചുവെന്ന് അവര്‍ ആരോപിച്ചു. മറ്റൊരാളുടെ കൈയിലെ പാവയായി നിന്ന് സംഘടനയെ നയിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ ശ്വേത, തന്റെ കാലയളവിലെ സാമ്പത്തിക കണക്കുകളെല്ലാം പൂര്‍ണമായും കൃത്യമാണെന്നും അവകാശപ്പെട്ടു.

ഭരണസമിതി പിരിച്ചുവിടണമെന്ന ഒരു വിഭാഗം അംഗങ്ങളുടെ ശക്തമായ ആവശ്യത്തെയും അവിശ്വാസ പ്രമേയ നീക്കങ്ങളെയും തുടര്‍ന്നാണ് ഒടുവില്‍ എഎംഎംഎ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കൈകളിലേക്ക് മാറിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ പുതിയ ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പ് തിയതി ഇടക്കാല കമ്മിറ്റി പ്രഖ്യാപിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.