ബോർണോ: നൈജീരിയയിലെ വടക്കൻ മേഖലയിൽ ഭീകരസംഘടനകളുടെ ആക്രമണം രൂക്ഷമാകുന്നു. ബോർണോ പ്രവിശ്യയിൽ കർഷകർക്ക് നേരെ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 11 പേർ ദാരുണമായി കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ജൂൺ 19 ന് ബോർണോയിലെ കുവാവു ഗ്രാമത്തിൽ കൃഷിപ്പണികൾക്കായി എത്തിയ ഏഴ് കർഷകരെ ഭീകരർ പിടികൂടി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് തൊട്ടു പിന്നാലെ സമീപത്തെ ക്രോസ് കൗവ മേഖലയിൽ വെച്ച് നാല് കർഷകരെ കൂടി സംഘം വധിച്ചു. സൈന്യത്തിന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്നുവെന്നാരോപിച്ചാണ് ഭീകരർ കർഷകർക്കെതിരെ തിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സാംഫര സംസ്ഥാനത്തുണ്ടായ സമാനമായ ആക്രമണങ്ങളിൽ 17 കർഷകർ കൂടി കൊല്ലപ്പെട്ടിരുന്നു.
ജിഹാദി ഗ്രൂപ്പുകളും സായുധ ക്രിമിനൽ സംഘങ്ങളും നൈജീരിയൻ കർഷകരിൽ നിന്ന് നിർബന്ധിതമായി വൻതുക നികുതി പിരിക്കുന്ന രീതിയും മേഖലയിൽ വ്യാപകമാണ്. മോചനദ്രവ്യം നൽകി സാമ്പത്തികമായി തകർന്ന കർഷകർക്ക് ഈ പിടിച്ചുപറി നൽകാൻ കഴിയാത്തതാണ് പലപ്പോഴും കൊലപാതകങ്ങളിൽ കലാശിക്കുന്നത്.
നൈജീരിയയുടെ മൊത്തം ധാന്യ ഉൽപാദനത്തിന്റെ 70 ശതമാനവും വരുന്നത് വടക്കൻ മേഖലയിൽ നിന്നാണ്. നിലവിലെ സാഹചര്യത്തിൽ കർഷകർ കൂട്ടത്തോടെ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു പലായനം ചെയ്യുന്നത് രാജ്യത്ത് ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധിക്കും പട്ടിണിക്കും കാരണമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മുന്നറിയിപ്പ് നൽകുന്നു. മേഖലയിൽ കർഷകർക്ക് അടിയന്തരമായി സൈനിക സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.