മംഗളൂരു: മംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതില്‍ എയര്‍ ഇന്ത്യ മാനേജ്മെന്റ് നിരന്തരം മുഖംതിരിക്കുന്നതായി പരാതി. കോടതി നിര്‍ദേശിച്ച സമവായ ചര്‍ച്ചകളില്‍ നിന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പൂര്‍ണമായി വിട്ടുനില്‍ക്കുകയാണെന്ന് മംഗളൂരു എയര്‍ക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയ്ക്കെതിരെ ശക്തമായ നിയമപോരാട്ടത്തിനും പ്രതിഷേധ പരിപാടികള്‍ക്കും ഒരുങ്ങുകയാണ് ദുരന്തബാധിതരുടെ കുടുംബങ്ങള്‍.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഓഗസ്റ്റ് 21 മുതല്‍ 23 വരെ നടക്കുന്ന പ്രത്യേക ലോക് അദാലത്തിലേക്ക് ഈ കേസ് പരിഗണിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ജൂണ്‍ 10 ന് കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രീ ലോക് അദാലത്ത് അനുരഞ്ജന സിറ്റിങ് വെച്ചിരുന്നു. എന്നാല്‍ ഇരകളുടെ കുടുംബങ്ങള്‍ എത്തിയെങ്കിലും എയര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ ആരും തന്നെ സിറ്റിങിന് എത്തിയില്ല. ഇതാണ് കുടുംബങ്ങളെ പരസ്യ പ്രതിഷേധത്തിലേക്ക് നയിക്കാന്‍ കാരണം. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂണ്‍ 27 ന് രാവിലെ 10 ന് പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തില്‍ വിമാനാപകട ദുരന്തബാധിതരുടെ കുടുംബങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് നാരായണന്‍ കളിങ്ങോം അറിയിച്ചു.
കേസ് കൈകാര്യം ചെയ്യുന്ന ആരിഫ് അസോസിയേറ്റ്സ് സീനിയര്‍ അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ലഭ്യമായ എല്ലാ രേഖകളും, മുമ്പ് ലഭിച്ച നഷ്ടപരിഹാരത്തിന്റെ തെളിവുകളും, അന്നത്തെ ശമ്പള സര്‍ട്ടിഫിക്കറ്റും കരുതേണ്ടതാണ്.
2010 മെയ് 22 ന് പുലര്‍ച്ചെ ദുബായില്‍ നിന്ന് 166 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു ബാജ്പെ വിമാനത്താവളത്തിലെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ 152 യാത്രക്കാരും ആറ് ജീവനക്കാരുമുള്‍പ്പെടെ 158 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എട്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ച മലയാളികളില്‍ ഭൂരിഭാഗവും കാസര്‍കോട് സ്വദേശികളായിരുന്നു.
ആദ്യം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 2011 ജൂലൈ 20 ന് അനുകൂല വിധി ലഭിച്ചിരുന്നു. വ്യോമയാന മന്ത്രാലയം ഇത് അംഗീകരിച്ചതുമാണ്. എന്നാല്‍ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് അര്‍ഹമായ നഷ്ട പരിഹാരം മുടങ്ങിയത്. ഇതേത്തുടര്‍ന്നാണ് ഇരകളുടെ കുടുംബങ്ങള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്.