ആണവ യുദ്ധക്കപ്പലുകളുമായി സമുദ്ര ശക്തിയിലേക്ക് ഉത്തരകൊറിയ; അമേരിക്ക-ദക്ഷിണ കൊറിയ നീക്കങ്ങള്‍ക്ക് മറുപടി

ആണവ യുദ്ധക്കപ്പലുകളുമായി സമുദ്ര ശക്തിയിലേക്ക് ഉത്തരകൊറിയ; അമേരിക്ക-ദക്ഷിണ കൊറിയ നീക്കങ്ങള്‍ക്ക് മറുപടി

പ്യോങ്യാങ്: കൊറിയന്‍ ഉപദ്വീപിലെ സുരക്ഷാ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ നാവിക സേനയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പ്ലീനറി യോഗത്തിലാണ് രാജ്യത്തിന്റെ പ്രതിരോധ ശേഷി അതിവേഗം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും വര്‍ധിച്ച് വരുന്ന സംയുക്ത സൈനിക പ്രവര്‍ത്തനങ്ങളും സുരക്ഷാ വെല്ലുവിളികളും പരിഗണിച്ചാണ് നാവികസേനയെ ആധുനിക വല്‍ക്കരിക്കുന്നതെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. ആണവ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായുള്ള പുതിയ സൈനിക പദ്ധതികള്‍ക്കും യോഗത്തില്‍ അംഗീകാരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ 5,000 ടണ്‍ ക്ലാസ് ഡിസ്‌ട്രോയറുകളായ കാങ് കോന്‍ (Kang Kon), ചോയ് ഹ്യോന്‍ (Choe Hyon) എന്നിവ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ക്ക് കൂടുതല്‍ ആക്രമണ ശേഷി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരകൊറിയന്‍ നേതൃത്വം അറിയിച്ചു. കൂടാതെ 10,000 ടണ്‍ ക്ലാസ് ഗൈഡഡ് മിസൈല്‍ ക്രൂയിസറുകളുടെ നിര്‍മാണവും വേഗത്തിലാക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം രണ്ട് വലിയ ഉപരിതല യുദ്ധക്കപ്പലുകള്‍ വീതം നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കി.

സമുദ്രത്തിനടിയിലൂടെ പ്രവര്‍ത്തിക്കുന്ന പുതിയ സൈനിക സംവിധാനങ്ങളും രഹസ്യ ആയുധ പദ്ധതികളും വികസിപ്പിക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു. അതേസമയം ആണവ നിരായുധീകരണ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞ ഉത്തരകൊറിയ, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നയത്തില്‍ മാറ്റമുണ്ടാകില്ലെന്നും ആവര്‍ത്തിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.