കാരക്കസ്: വെനസ്വേലയിൽ ബുധനാഴ്ച വൈകുന്നേരം മിനിറ്റുകളുടെ ഇടവേളയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങൾ. റിക്ടർ സ്‌കെയിലിൽ യഥാക്രമം 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഇതുവരെ 235 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ദുരന്തമാണിതെന്ന് അധികൃതർ വിലയിരുത്തുന്നു.
ദുരന്തത്തിൽ പതിനായിരത്തിലേറെ പേരെ കാണാതായിട്ടുണ്ട്. 200 ഓളം പേർ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. 1,500 ലധികം പേർ പരിക്കുകളോടെ ആശുപത്രികളിൽ ചികിത്സയിലാണ്. കൂറ്റൻ ഹോട്ടലുകളടക്കം 200 ഓളം ബഹുനില കെട്ടിടങ്ങൾ നിലംപൊത്തി.
തലസ്ഥാനമായ കാരക്കസിനു വടക്കുള്ള ലാ ഗൈറ തീരമേഖലയിലാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ രക്ഷാപ്രവർത്തനങ്ങൾ വെല്ലുവിളി നേരിടുന്നു. സ്ഥിതിഗതികൾ കണക്കിലെടുത്ത് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകർന്ന വീടുകളും ആശുപത്രികളും പുനർനിർമ്മിക്കാൻ 200 മില്യൺ ഡോളറിന്റെ ഫണ്ട് സർക്കാർ അനുവദിച്ചു.
മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, കാനഡ തുടങ്ങിയ രാജ്യങ്ങൾ രക്ഷാപ്രവർത്തകർക്കും മെഡിക്കൽ സാമഗ്രികൾക്കുമായി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ലിയോ പതിനാലാമൻ മാർപാപ്പ ഒരുലക്ഷം യൂറോ അടിയന്തര സഹായമായി കൈമാറി.
അമേരിക്ക വെനസ്വേലയ്‌ക്കെതിരായ ഉപരോധം ഒക്ടോബർ 23 വരെ നീട്ടുകയും 150 മില്യൺ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരതയ്ക്കിടയിൽ സംഭവിച്ച ഈ വലിയ പ്രകൃതിദുരന്തം രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.