ടെഹ്‌റാന്‍: ഹോര്‍മുസിന് സമീപം ഒമാന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ സമുദ്ര ഏജന്‍സിയായ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) ഹോര്‍മുസ് കടലിടുക്കില്‍ നടത്തി വന്ന രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ വീണ്ടും സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇപ്പോഴും കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്ന ഏകദേശം 11,000 നാവികരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയരുന്നു.
പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ രക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ ഒമാന്റെയും മറ്റുചില അംഗ രാജ്യങ്ങളുടെയും പിന്തുണയോടെ രക്ഷാ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. യുദ്ധവും സുരക്ഷാ നിയന്ത്രണങ്ങളും മൂലം ഹോര്‍മുസ് കടലിടുക്കില്‍ ദിവസങ്ങളോളം കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ മോചിപ്പിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം.
അതിനിടെ സിങ്കപ്പൂര്‍ പതാകയുള്ള 'എവര്‍ ലവ്ലി' എന്ന ചരക്ക് കപ്പലിന് നേരെയാണ് ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിന്റെ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും നാവികര്‍ സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഉടന്‍ തന്നെ ഐഎംഒ മുഴുവന്‍ രക്ഷാ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയായികുന്നു.
ഒഴിപ്പിക്കല്‍ പട്ടികയിലുള്ള കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ പ്രവര്‍ത്തനം തുടരില്ലെന്ന് ഐഎംഒ സെക്രട്ടറി ജനറല്‍ ആര്‍സെനിയോ ഡൊമിംഗ്വസ് പറഞ്ഞു. ആക്രമിക്കപ്പെട്ട കപ്പല്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെങ്കിലും കടല്‍ പാത ഇപ്പോഴും പൂര്‍ണമായും സുരക്ഷിതമല്ലെന്ന് സംഭവം വ്യക്തമാക്കുന്നു.
ഐഎംഒയുടെ കണക്കനുസരിച്ച് ഈ പ്രദേശത്തുടനീളം വിവിധ കപ്പലുകളിലായി ഇരുപതിനായിരത്തിലധികം നാവികര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇതില്‍ പതിനൊന്നായിരത്തോളം നാവികരെ രക്ഷിക്കുന്നതിനായാണ് ഒരു പ്രത്യേക ഒഴിപ്പിക്കല്‍ പദ്ധതി വികസിപ്പിച്ചെടുത്തത്. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ ഈ നാവികര്‍ വീണ്ടും സമുദ്രത്തിന്റെ നടുവില്‍ കുടുങ്ങി.
അനുമതിയില്ലാതെ കപ്പലുകള്‍ ഒരു നീക്കവും നടത്തരുതെന്ന് ഐക്യരാഷ്ട്ര സഭ ഇതിനകം തന്നെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. നിര്‍ദ്ദിഷ്ട സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് ഐഎംഒയും വ്യക്തമാക്കിയിരുന്നു.
ഐക്യരാഷ്ട്ര സഭയും ഒമാനും സ്ഥാപിച്ച പുതിയ കടല്‍ പാതയിലൂടെ തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലും സഞ്ചരിക്കരുതെന്ന് ഇറാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ സ്ഥാപിച്ച ഔദ്യോഗിക പാതയ്ക്ക് പുറമെയുള്ള മറ്റ് പാതകള്‍ ഉപയോഗിക്കുന്ന കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കില്ലെന്ന് ഡ്രോണ്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്റെ പുതിയ പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി (പിജിഎസ്എ) പ്രസ്താവന ഇറക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും ഇറാന്‍ ഒരു സമുദ്ര ഇടനാഴി നിശ്ചയിച്ചിട്ടുണ്ട്. ലാറക് ദ്വീപിന് സമീപം സ്ഥാപിച്ചിട്ടുള്ള ഔദ്യോഗിക റൂട്ടിലൂടെ മാത്രമേ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമുള്ളൂ എന്നാണ് ഇറാന്റെ വാദം. ഇക്കാര്യത്തില്‍ എന്തെങ്കിലും ലംഘനങ്ങള്‍ ഉണ്ടായാല്‍ കപ്പലിന്റെ ഉടമയും ക്യാപ്റ്റനും പൂര്‍ണ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് രണ്ട് പ്രത്യേക സമുദ്ര ഇടനാഴികള്‍ നിലവിലുണ്ട്. ആദ്യ പാത ഇറാനിയന്‍ ജലാശയങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഈ പാത ഉപയോഗിക്കുന്ന കപ്പലുകള്‍ ഇറാന്റെ പുതിയ ഏജന്‍സിയായ പിജിഎസ്എയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. പെര്‍മിറ്റ് ഇല്ലാതെ ഒരു കപ്പലിനും പ്രവേശിക്കാന്‍ അനുവാദമില്ല. കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നു പോകാന്‍ അനുവദിക്കുന്ന ഒരേയൊരു പാത ഇതാണെന്നും ഇറാന്‍ വാദിക്കുന്നു.
രണ്ടാമത്തെ പാത ഒമാന്റെ സമുദ്രാതിര്‍ത്തിയിലൂടെയാണ് കടന്നു പോകുന്നത്. ഐക്യരാഷ്ട്ര സഭയും ഒമാനും സംയുക്തമായി ഒഴിപ്പിക്കലിനായി ഉപയോഗിക്കുന്ന വഴിയാണിത്. ഡസന്‍ കണക്കിന് കപ്പലുകളും ഈ വഴിയിലൂടെ കടത്തി വിട്ടിട്ടുണ്ട്. എന്നാല്‍ നിയുക്ത പാതയ്ക്ക് പുറത്തുള്ള ഒരു ഇടനാഴി ഉപയോഗിക്കുന്നത് തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്നതായാണ് ഇറാന്‍ പറയുന്നത്.