അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; ട്രസ്റ്റ് സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായി രാജിവച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; ട്രസ്റ്റ് സെക്രട്ടറിയും  വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായി രാജിവച്ചു

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനും യോഗി സര്‍ക്കാരിനും നാണക്കേടായി മാറിയ അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പില്‍ ആരോപണ വിധേയനായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിയും രാമക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും രാജി രാജിവച്ചു.

കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചമ്പത് റായിയുടെ രാജി. വിവാദത്തിന് പിന്നാലെ, അയോധ്യ ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയിരുന്നു.

അതേസമയം മുതിര്‍ന്ന ബിജെപി, ആര്‍.എസ്.എസ് നേതാക്കളുമായി ബന്ധമുള്ള ചമ്പത് റായിക്കെതിരെ കേസെടുക്കാത്തതില്‍ വിമര്‍ശനം ശക്തമാവുകയാണ്. വിശ്വസ്തര്‍ അറസ്റ്റിലായിട്ടും ചമ്പത് റായിയെ തൊടാത്തത് ഉന്നത രാഷ്ട്രീയ ഇടപെടലാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അയോധ്യ സംഭാവന തട്ടിപ്പില്‍ ചമ്പത് റായിയുടെ വിശ്വസ്തനും ഡ്രൈവറുമായ ടിനു യാദവ് അടക്കം എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ പ്രകാരം കേസില്‍ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ ട്രസ്റ്റി കാമേശ്വര്‍ ചൗപാലിന്റെ നിര്യാണത്തെ തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ ട്രസ്റ്റില്‍ അംഗമായ കൃഷ്ണ മോഹന്‍ ആണ് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ കേസില്‍ പ്രതികളായ എട്ട് പേരെയും ഉത്തര്‍പ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കര്‍ യാദവ് എന്ന ടിനു എന്നിവരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. കള്ളത്തരം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന പണവും മറ്റ് വഴിപാടുകളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജൂണ്‍ 13 നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കാണിക്കപ്പണം എണ്ണുന്നതിലും അത് ബാങ്കില്‍ നിക്ഷേപിക്കുന്നതിലും ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ ഉണ്ടായതായി എസ്‌ഐടിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജീവനക്കാരുടെ നിരീക്ഷണം കൃത്യമായി നടത്തിയില്ല, സിസിടിവി നിരീക്ഷണത്തിലെ പോരായ്മകള്‍, പണം ട്രസ്റ്റ് ഓഫീസിലേക്ക് മാറ്റുന്നതിലെ സുതാര്യതക്കുറവ് എന്നിവയാണ് പ്രധാനമായും അന്വേഷണസംഘം കണ്ടെത്തിയത്. കൂടാതെ പണം എണ്ണാന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവയുടെ സ്റ്റോക്ക് വിവരങ്ങളില്‍ വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ രേഖകളും എസ്‌ഐടി വിശദമായി പരിശോധിച്ചു വരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.