ലിയോ പാപ്പയ്ക്ക് കമ്പിളി നൂലിൽ നെയ്‌ത തിരുഹൃദയ രൂപം സമ്മാനിച്ച് ആലപ്പുഴ ബിഷപ്പ്

ലിയോ പാപ്പയ്ക്ക് കമ്പിളി നൂലിൽ നെയ്‌ത തിരുഹൃദയ രൂപം സമ്മാനിച്ച് ആലപ്പുഴ ബിഷപ്പ്

വത്തിക്കാൻ സിറ്റി: കമ്പിളി നൂലുകൾകൊണ്ട് പ്രത്യേകമായി നെയ്‌തെടുത്ത തിരുഹൃദയ രൂപം ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനിച്ച് ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിച്ച വേളയിലാണ് അദേഹം ഈ സവിശേഷ സമ്മാനം കൈമാറിയത്.

ചേർത്തലയിലെ ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജർ വി.ആർ. പ്രസാദിന്റെ ആഗ്രഹ പ്രകാരമാണ് തിരുഹൃദയത്തിന്റെ രൂപം ഒരുക്കിയത്. സ്ഥാപനത്തിലെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾ ചേർന്നാണ് ഡൈ ചെയ്യാത്ത മൂന്ന് ഷേഡുകളിലുള്ള കമ്പിളി നൂലുകൾ ഉപയോഗിച്ച് ഈ കലാസൃഷ്ടി നെയ്‌തെടുത്തത്.

സ്വീഡനിൽ നിന്നും ലണ്ടനിൽ നിന്നും ഇറക്കുമതി ചെയ്ത ചെമ്മരിയാടിന്റെ രോമത്തിൽ നിന്ന് നിർമിച്ച നൂലുകളാണ് ഇതിനായി ഉപയോഗിച്ചത്. മാനവരാശിക്ക് പ്രതീക്ഷയും പ്രത്യാശയും പകരുന്നതിനായി ലിയോ പതിനാലാമൻ നടത്തുന്ന ശുശ്രൂഷകൾക്ക് ആദരസൂചകമായും നന്ദിപ്രകടനമായുമാണ് ഈ സമ്മാനമെന്ന് വി.ആർ. പ്രസാദ് പറഞ്ഞു.

അന്താരാഷ്ട്ര വിമാനനിർമാണ കമ്പനിയായ ബോയിങ്ങിന് ആവശ്യമായ കാർപ്പറ്റുകൾ നിർമ്മിക്കുന്ന ഔദ്യോഗിക വിതരണക്കാരാണ് ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.