മെഡ്ജുഗോറിയ: മെജുഗോറിയയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനങ്ങൾ ആരംഭിച്ചതിന്റെ 45-ാം വാർഷികത്തിന് മുന്നോടിയായി അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങൾ നേരിട്ട 97 കാരനായ കർദിനാൾ ഏണസ്റ്റ് സിമോണി 'അപ്പാർട്ടീഷൻ ഹിൽ'സന്ദർശിച്ചു. 1981 ജൂൺ 24 ന് ആറ് യുവാക്കൾക്ക് പരിശുദ്ധ മറിയത്തെ ദർശനം ലഭിച്ചുവെന്ന് പറയപ്പെടുന്ന ഈ മലനിരകളിലേക്കുള്ള കർദിനാളിന്റെ തീർഥാടനം വിശ്വാസികൾക്ക് വലിയ പ്രചോദനമായി.
ചെനാക്കോലോ കമ്മ്യൂണിറ്റിയിലെ യുവാക്കളുടെ സഹായത്തോടെയാണ് കർദിനാൾ മല കയറിയത്. പാതയുടെ ഒരു ഭാഗം പല്ലക്കിൽ സഞ്ചരിച്ച അദേഹം പാറക്കെട്ടുകൾ നിറഞ്ഞ ബാക്കി ഭാഗം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചും കാൽനടയായാണ് താണ്ടിയത്. യാത്രയിലുടനീളം വിശ്വാസികളെ ആശീർവദിച്ച കർദിനാൾ മലമുകളിലെ മാതാവിന്റെ രൂപത്തിന് മുന്നിൽ ജപമാല ചൊല്ലി പ്രാർഥിക്കുകയും ജനക്കൂട്ടത്തിന് മേൽ വിശുദ്ധ ജലം തളിക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റ് ഏകാധിപതി എൻവർ ഹോജയുടെ ഭരണകാലത്ത് ക്രൂരമായ മതപീഡനങ്ങൾക്കിരയായ വൈദികനാണ് കർദിനാൾ ഏണസ്റ്റ് സിമോണി. 1956 ൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദേഹം1963 ൽ ജോൺ എഫ്. കെന്നഡിയുടെ ആത്മശാന്തിക്കായി വിശുദ്ധ കുർബാന അർപ്പിച്ചു എന്നാരോപിച്ച് അറസ്റ്റിലാവുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. എന്നാൽ തടവറയ്ക്കുള്ളിലും തന്റെ പ്രബോധനങ്ങൾ തുടർന്ന അദേഹത്തിന്റെ ശിക്ഷ പിന്നീട് 28 വർഷത്തെ കഠിനതടവായി കുറയ്ക്കുകയായിരുന്നു.
പിന്നീട് 1973 ൽ ജയിലിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് രണ്ടാമതും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും അനുകൂല സാക്ഷ്യങ്ങൾ കാരണം അത് ഒഴിവാക്കപ്പെട്ടു. 1981 ൽ മോചിതനായ ശേഷം 1990 വരെ രഹസ്യമായി തന്റെ ഇടയസേവനം തുടർന്നു. 2016 ൽ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി ആദരിക്കുകയായിരുന്നു.
മെജുഗോറിയയിലെ ദർശനങ്ങളെക്കുറിച്ച് പഠനം നടത്തിയ വിശ്വാസ തിരുസംഘം, 2024-ൽ ‘ദി ക്വീൻ ഓഫ് പീസ്’ എന്ന രേഖ പുറത്തിറക്കിയിരുന്നു. ഇവിടുത്തെ ആത്മീയ ഫലങ്ങളെ അംഗീകരിക്കുന്ന സഭ, സന്ദേശങ്ങളിൽ തടസങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ ദർശനങ്ങളുടെ അമാനുഷിക സ്വഭാവത്തെക്കുറിച്ച് അന്തിമ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.