ന്യൂഡല്‍ഹി: കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ബോര്‍ഡില്‍ നിന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി ഒരു കോടി രൂപയോളം കാര്‍ഷിക സബ്സിഡി കൈപ്പറ്റിയെന്ന വാര്‍ത്ത ദേശീയ രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ദീദ്വാന-കുചാമന്‍ ജില്ലയിലുള്ള മന്ത്രിയുടെ സ്വന്തം കൃഷിയിടത്തില്‍ ആധുനിക രീതിയിലുള്ള പോളി ഹൗസുകള്‍ സ്ഥാപിച്ച് വെള്ളരി കൃഷി ചെയ്യുന്നതിനായാണ് ഈ തുക അനുവദിച്ചത്.
ആകെ 1.99 കോടി രൂപ ചെലവ് വരുന്ന പ്രൊജക്റ്റിന് 50 ശതമാനം സര്‍ക്കാര്‍ ധന സഹായമായി 99.03 ലക്ഷം രൂപയാണ് സബ്സിഡി ഇനത്തില്‍ ലഭിച്ചത്. ഇതിനായി മന്ത്രി എച്ച്.ഡി.എഫ്.സി ബാങ്കില്‍ നിന്ന് 1.49 കോടി രൂപ വായ്പ എടുത്തിരുന്നുവെന്നും ഈ ലോണ്‍ അക്കൗണ്ടിലേക്ക് 2026 മാര്‍ച്ച് 30 നാണ് സബ്സിഡി തുക ക്രെഡിറ്റ് ചെയ്തതെന്നുമാണ് പുറത്ത് വന്ന ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സബ്സിഡി അനുവദിച്ച നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ബോര്‍ഡിന്റെ എക്സ്-ഒഫീഷ്യോ വൈസ് പ്രസിഡന്റ് മന്ത്രി തന്നെയാണ്.
വാര്‍ത്ത വിവാദമായതോടെ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച് കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി തന്നെ രംഗത്തെത്തി. താന്‍ ബാല്യം മുതല്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാധാരണ കര്‍ഷകനാണെന്നും രാജ്യത്തെ മറ്റ് കര്‍ഷകരെപ്പോലെ നിയമപരമായ രീതിയില്‍ മാത്രമാണ് സബ്സിഡിക്ക് അപേക്ഷിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രിയാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018 ലാണ് താന്‍ ഇതിനായി ആദ്യമായി അപേക്ഷ നല്‍കിയതെന്നും സാങ്കേതിക കാരണങ്ങളാല്‍ അന്ന് നിരസിക്കപ്പെട്ട അപേക്ഷ പിന്നീട് ചട്ടങ്ങള്‍ പാലിച്ച് അനുവദിക്കപ്പെടുകയാണുണ്ടായതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പ്രൊജക്റ്റുമായി ബന്ധപ്പെട്ട വായ്പകളുടെയും സബ്സിഡികളുടെയും വിവരങ്ങള്‍ കൃഷിയിടത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും പ്രദേശിക ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സുതാര്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം മോഡി സര്‍ക്കാരിന്റെ കീഴിലെ അഴിമതിയുടെ പുതിയ മാതൃകയാണിതെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരായ കര്‍ഷകര്‍ ചെറിയ ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കുമ്പോള്‍ സര്‍ക്കാര്‍ മന്ത്രിമാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കോടികള്‍ വാരിക്കോരി നല്‍കുകയാണെന്ന് മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. മന്ത്രി പദവിയിലിരിക്കുന്ന വ്യക്തി പുതിയ അപേക്ഷ സമര്‍പ്പിച്ച് വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ മന്ത്രാലയം അതിന് പ്രാഥമിക അനുമതി നല്‍കിയതിലെ ധാര്‍മ്മികത കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും ചോദ്യം ചെയ്തു.
മോഡിയുടെ 'നാ ഖാവുങ്കാ നാ ഖാനെ ദുംഗ' (ഞാന്‍ അഴിമതി നടത്തില്ല, നടത്താന്‍ അനുവദിക്കില്ല) എന്ന അഴിമതി വിരുദ്ധ മുദ്രാവാക്യത്തിന്റെ നഗ്‌നമായ ലംഘനമാണിതെന്നും ഭഗീരഥ് ചൗധരിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആവശ്യം.