ഡാളസ് സെന്റ് തോമസ് ഇടവകയിൽ വിശുദ്ധ തോമാസ്ലീഹായുടെ തിരുനാളിന് കൊടിയേറി; പ്രസുദേന്തിമാരായി ഇട‌വകയിലെ മാതാക്കാൾ; കർദിനാൾ മാർ ജോർജ് കൂവക്കാട് പങ്കെ‌‌ടുക്കും

ഡാളസ് സെന്റ് തോമസ് ഇടവകയിൽ വിശുദ്ധ തോമാസ്ലീഹായുടെ തിരുനാളിന് കൊടിയേറി; പ്രസുദേന്തിമാരായി ഇട‌വകയിലെ മാതാക്കാൾ; കർദിനാൾ മാർ ജോർജ് കൂവക്കാട് പങ്കെ‌‌ടുക്കും

ഡാളസ്: ഡാളസ് സെന്റ് തോമസ് സീറോ-മലബാർ ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ജൂൺ 26 വെള്ളിയാഴ്ച കൊടിയേറിയതോടെ തുടക്കമായി. വൈകുന്നേരം 6.30-ന് ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യൻ എം.എസ്.ടി. കൊടിയേറ്റിയതോടെയാണ് തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് ഫാ. സിബിയു‌ടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും നടന്നു. അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ, ഫാ. ജോർജ് വാണിയപുരയ്ക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.

വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ വിശുദ്ധ തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസം അടുത്ത തലമുറയിലേക്ക് പകരുന്നതിൽ ഓരോ വിശ്വാസിയും പ്രതിജ്ഞാബദ്ധരാകണമെന്ന് ഫാ. സിബി സെബാസ്റ്റ്യൻ ആഹ്വാനം ചെയ്തു. തോമാശ്ലീഹായുടെ ധീരതയും അചഞ്ചലമായ വിശ്വാസവും ക്രൈസ്തവ ജീവിതത്തിൽ പ്രതിഫലിക്കണമെന്നും അദേഹം ഓർമ്മിപ്പിച്ചു.

ജൂൺ 26 മുതൽ ജൂലൈ ആറ് വരെയാണ് വിപുലമായ തിരുനാൾ ആഘോഷങ്ങൾ. എല്ലാ ദിവസവും വിവിധ വൈദികരുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ഇത്തവണത്തെ തിരുനാളിന്റെ പ്രസുദേന്തിമാർ ഇടവകയിലെ വിമൻസ് ഫോറം അംഗങ്ങളാണ്.

ജൂൺ 27 ന് ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ, ജൂൺ 28 ന് ഫാ. ജിമ്മി ഇടക്കളത്തൂർ, ജൂൺ 29-ന് ഫാ. ബിൻസ് ചെത്തളി, ജൂൺ 30 ന് ഫാ. വിൽസൺ വട്ടപ്പറമ്പിൽ, ജൂലൈ ഒന്നിന് ഫാ. മാത്യൂസ് മുന്ജനാട്ട്, ജൂലൈ രണ്ടിന് ഫാ. ജോർജ് വാണിയപുരയ്ക്കൽ എന്നിവർ മുഖ്യകാർമ്മികരാകും.

ജൂലൈ മൂന്നിന് ദുക്റാന തിരുനാൾ ദിനത്തിൽ രാവിലെ വിശുദ്ധ കുർബാനയും വൈകിട്ട് അ‍ഞ്ച് മണിക്ക് ഇംഗ്ലീഷ് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ചിക്കാഗോ അതിരൂപത യുവജന ഡയറക്ടർ ഫാ. മെൽവിൻ പോൾ മുഖ്യകാർമ്മികനായിരിക്കും. തുടർന്ന് ജൂബിലി ഹാളിൽ 'സെന്റ് തോമസ് നൈറ്റ്' ആഘോഷങ്ങളും നടക്കും.



ജൂലൈ നാല് ശനിയാഴ്ച വൈകിട്ട് 4.30 ന് മതങ്ങൾ തമ്മിലുള്ള സംഭാഷണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാടിന് സ്വീകരണം നൽകും. തുടർന്ന് വൈകിട്ട് അഞ്ച് മണിക്ക് കർ​ദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും നടക്കും. വിശുദ്ധ കുർബാനയ്ക്കു ശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കും.

ജൂലൈ അഞ്ച് ഞായറാഴ്ചയാണ് മുഖ്യ തിരുനാൾ ദിനം. വൈകിട്ട് നാല് മണിക്ക് റാസാ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജെയ്സൺ സേവ്യർ പുന്നോലിൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും രാത്രി എ‌‌ട്ട് മണിക്ക് ക്രിസ്ത്യൻ റാപ്പർ സംഗീത പരിപാടിയും അരങ്ങേറും.

ജൂലൈ ആറ് തിങ്കളാഴ്ച രാവിലെ 8.30-ന് മരിച്ചുപോയ ഇടവകാംഗങ്ങൾക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന ഫാ. സിബി സെബാസ്റ്റ്യൻ എം.എസ്.ടി.യുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. തുടർന്ന് കൊടിയിറക്കത്തോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റീൻ പുതിയകുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. കൂടാതെ ഇമ്മാനുവൽ അഡോറേഷൻ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ക്ലറിൻ കൊടിയന്തര എസ്.എ.ബി.എസ്, സിസ്റ്റർ സ്നേഹ റോസ് കുന്നേൽ എസ്.എ.ബി.എസ്, സിസ്റ്റർ റോസലിൻ എസ്.എ.ബി.എസ് തുടങ്ങിയവരുടെ മേൽനോട്ടത്തിൽ കൈക്കാരന്മാരും വിവിധ സംഘടനാ പ്രതിനിധികളും ഒത്തുചേർന്നാണ് ഈ ഇടവക തിരുനാളിനെ ഒരു ആത്മീയ അനുഭവമാക്കി മാറ്റാൻ പ്രവർത്തിക്കുന്നത്. എംഎസ്ടി (മിഷണറീസ് ഓഫ് സെന്റ് തോമസ്) സഭാം​ഗമായ ഫാ. സിബിക്ക് തോമാസ്ലീഹായു‌ടെ തിരുനാൾ ആഘോഷം അങ്ങേയറ്റം ആവേശകരവും കൂ‌ടുതൽ ഊർജ്ജം പകരുന്നതുമാണ്.

എല്ലാ വിശ്വാസികളെയും തിരുനാൾ ശുശ്രൂഷകളിലും ആത്മീയ-സാംസ്കാരിക പരിപാടികളിലും പങ്കുചേരാൻ ഇടവക ഭാരവാഹികൾ ക്ഷണിച്ചു.

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോ-മലബാർ ഇടവകയാണ് ഡാളസിലെ സെന്റ് തോമസ് ഇടവക. ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോ-മലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ ബിഷപ്പായിരുന്ന എമിരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്താണ് ഈ ഇടവകയുടെ സ്ഥാപക വികാരിയായി സേവനമനുഷ്ഠിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.