വീണ്ടും സൈനിക നടപടിയിലേക്ക് നീങ്ങാന്‍ അമേരിക്ക നിര്‍ബന്ധിതരായാല്‍ ഇറാന്‍ എന്ന രാജ്യം തന്നെ ഉണ്ടാകില്ലെന്ന് ട്രംപ്.
ആക്രമണങ്ങള്‍ക്ക് മറുപടിയായി അമേരിക്കന്‍ സൈനിക താവളങ്ങള്‍ 'നരക'മാക്കി മാറ്റുമെന്ന് ഇറാന്‍.
ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ മറ്റൊരു ചരക്ക് കപ്പലിന് നേരെയും ഇറാന്റെ ഡ്രോണ്‍ ആക്രമണം. പനാമ പതാകയേന്തിയ 'കികു' എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇതിന് മറുപടിയായി ഇറാനിലെ പത്ത് സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. മേഖലയില്‍ നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തിന് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അമേരിക്കന്‍ സൈന്യം തിരിച്ചടി നല്‍കുന്നത്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, കമ്മ്യൂണിക്കേഷന്‍ കേന്ദ്രങ്ങള്‍, ഡ്രോണ്‍ ശേഖരണ കേന്ദ്രങ്ങള്‍, മൈന്‍ ലെയര്‍ സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ പത്ത് കേന്ദ്രങ്ങളെയാണ് അമേരിക്കന്‍ നാവിക-വ്യോമേ സനകള്‍ ലക്ഷ്യം വെച്ചത്. ഈ ആക്രമണത്തിന്റെ 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ അമേരിക്കന്‍ സൈന്യം എക്സില്‍ പങ്കുവെച്ചിരുന്നു.
ഇതിനിടെ ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നു. ഹോര്‍മുസില്‍ ആക്രമണം തുടരുന്ന ഇറാന്‍ ഒരിക്കലും പഠിക്കില്ലെന്നും യുക്തിസഹമായി പെരുമാറുന്നതിന് ഒരു പരിധിയുണ്ടെന്നും തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് കുറിച്ചു.
വീണ്ടും സൈനിക നടപടിയിലേക്ക് നീങ്ങാന്‍ അമേരിക്ക നിര്‍ബന്ധിതരായാല്‍ ഇറാന്‍ എന്ന രാജ്യം തന്നെ ഉണ്ടാകില്ലെന്നും ഇറാനെതിരെ തുടങ്ങിയ സൈനിക നടപടി പൂര്‍ത്തിയാക്കാന്‍ അമേരിക്ക മടിക്കില്ലെന്നും അദേഹം വ്യക്തമാക്കി.
അമേരിക്കയുടെ നടപടികള്‍ക്ക് മറുപടിയായി വരും ദിവസങ്ങളില്‍ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ 'നരക'മാക്കി മാറ്റുമെന്ന് ഇറാന്‍ തിരിച്ചടിച്ചു. തങ്ങളുടെ താവളങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മറുപടി നല്‍കുമെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് വക്താക്കള്‍ അറിയിച്ചു.
നിലവില്‍ മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മിസൈലുകളെയും ഡ്രോണുകളെയും നേരിടാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്നും താമസക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മേഖലയിലെ വിവിധ സൈനിക വിഭാഗങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.