പാര്‍ലമെന്ററി ഉപസമിതി സിറ്റിങ് നാളെ മൂന്നാറില്‍: മുല്ലപ്പെരിയാര്‍ പ്രധാന അജണ്ട; തമിഴ്‌നാട് പ്രതിനിധികളും പങ്കെടുക്കും

പാര്‍ലമെന്ററി ഉപസമിതി സിറ്റിങ് നാളെ മൂന്നാറില്‍: മുല്ലപ്പെരിയാര്‍ പ്രധാന അജണ്ട; തമിഴ്‌നാട് പ്രതിനിധികളും പങ്കെടുക്കും

കൊച്ചി: മുല്ലപ്പെരിയാര്‍ അടക്കമുള്ള പരിസ്ഥിതി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്ററി ഉപസമിതി നാളെ മൂന്നാറില്‍ സിറ്റിങ് നടത്തും. രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി ഉപസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിന്റെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെടും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി രൂപീകരിച്ച സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി ജല വിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അതിനായി പ്രതിനിധിയെ നിര്‍ദേശിക്കാന്‍ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി കേരളത്തിന്റെ പ്രതിനിധിയെ അതിവേഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ചിരുന്ന ടി ആര്‍. ശിവരാജിനെ ആണ് ഏകപക്ഷീയമായി മാറ്റിയത്. തുടര്‍ന്ന് മന്ത്രി മോന്‍സ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി.ആര്‍ പാട്ടീലിന് കത്തയച്ചിരുന്നു.

ഇക്കാര്യത്തിലുള്ള എതിര്‍പ്പ് വ്യക്തമാക്കി സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടിക്കും കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രം നടപടി സ്വീകരിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.