ഖൊമേനിയുടെ സംസ്‌കാര ചടങ്ങില്‍ മകന്‍ മൊജ്താബ പങ്കെടുക്കുമോ?... ഉറ്റുനോക്കി ലോകം: ഇന്ത്യ പ്രതിനിധികളെ അയയ്ക്കും; മോഡി എത്തില്ല

ഖൊമേനിയുടെ സംസ്‌കാര ചടങ്ങില്‍ മകന്‍ മൊജ്താബ പങ്കെടുക്കുമോ?...  ഉറ്റുനോക്കി ലോകം: ഇന്ത്യ പ്രതിനിധികളെ അയയ്ക്കും; മോഡി എത്തില്ല

ടെഹ്റാന്‍: അമേരിക്ക, ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനിയുടെ സംസ്‌കാര ചടങ്ങില്‍ മകന്‍ മൊജ്താബ ഖൊമേനി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ ഇറാന്‍ ഭരണകൂടം. ടെഹ്റാനില്‍ ജൂലൈ നാലിന് ആരംഭിക്കുന്ന ചടങ്ങുകള്‍ ജൂലൈ ഒമ്പതിന് മഷ്ഹാദില്‍ സംസ്‌കാരം നടത്തുന്നതോടെ അവസാനിക്കും.

രാജ്യം വലിയ രീതിയിലുള്ള വിലാപ യാത്ര ഒരുക്കുമ്പോള്‍ മാസങ്ങളായി അദൃശ്യനായിക്കഴിയുന്ന നിലവിലെ ഇറാന്‍ പരമോന്നത നേതാവും അലി ഖൊമേനിയുടെ മകനുമായ മൊജ്താബ ഖൊമേനിയുടെ സാന്നിധ്യമുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഫെബ്രുവരി 28 ന് അലി ഖൊമേനി കൊല്ലപ്പെട്ട അതേ ആക്രമണത്തില്‍ അമ്പത്താറുകാരനായ മൊജ്താബ ഖൊമേനിക്ക് പരിക്കേറ്റിരുന്നു. മൊജ്താബയുടെ മുഖത്തും കാലിനും ഗുരുതരമായ പരിക്കേറ്റതായി ഇറാന്‍ മാധ്യമങ്ങളും ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു.

പിതാവിന്റെ മരണശേഷം പരമോന്നത നേതാവായി സ്ഥാനം ഏറ്റെടുത്തെങ്കിലും പൊതുവേദികളിലോ വീഡിയോയിലൂടെയോ അദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. അദേഹത്തിന്റെ ശബ്ദം പോലും പിന്നീടാരും കേട്ടിട്ടില്ല. മൊജ്താബയുടെ പ്രസ്താവനകള്‍ മാധ്യമ വാര്‍ത്തകളിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഇതോടെ അദേഹം ജീവനോടെയുണ്ടോ എന്ന സംശയവും പലരും ഉന്നയിച്ചു.

'ഇറാന്റെ ശത്രുക്കള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തും. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഹോര്‍മുസ് കടലിടുക്ക് തടയുന്നത് തുടരും. അവശ്യമെങ്കില്‍ മേഖലയിലെ യുഎസ് താവളങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരും. ഇറാന്റെ പോരാളികള്‍ക്ക് നന്ദി' എന്നായിരുന്നു മാര്‍ച്ചില്‍ സ്ഥാനമേറ്റെടുത്ത ശേഷം മൊജ്താബ പുറത്തു വിട്ട ആദ്യ സന്ദേശം.

മാധ്യമങ്ങളിലൂടെയാണ് സന്ദേശം പുറത്തു വന്നത്. പിന്നീടും പല തവണ ഇത്തരം പ്രസ്താവനകള്‍ വന്നതോടെ മൊജ്താബയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പൊതുജനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. അദേഹം മാനസികമായി ശക്തനാണെന്നും ശബ്ദ സന്ദേശത്തിലൂടെ സുപ്രധാന തീരുമാനങ്ങളില്‍ പങ്കുചേരുന്നുണ്ടെന്നും ആരോഗ്യസ്ഥിതി വീണ്ടെടുക്കുകയാണെന്നും പിന്നീട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എന്നിരുന്നാല്‍പ്പോലും ഇത്രയും മാസങ്ങളായി അദേഹം ഒരു തവണ പോലും മാധ്യമങ്ങള്‍ക്ക് മുന്നിലോ അല്ലാതെയോ പ്രത്യക്ഷപ്പെട്ടിട്ടില്ല. സാധാരണ മുന്‍ഗാമികളുടെ സംസ്‌കാര ചടങ്ങുകളില്‍ പിന്‍ഗാമികള്‍ പങ്കെടുക്കാറുണ്ട്. പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ ലോകത്തിന് മുന്നിലേക്ക് മൊജ്താബ ഖൊമേനി എത്തുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

അതേസമയം ആയത്തുള്ള അലി ഖൊമേനിയുടെ സംസ്‌കാര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. ഇന്ത്യയില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും. വിദേശകാര്യ സഹമന്ത്രി പവിത്ര മര്‍ഗരിതയും ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈനും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടാകും.

ഖൊമേനിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നരേന്ദ്ര മോഡിയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ തിയതികളില്‍ പ്രധാനമന്ത്രിക്ക് വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനം ഉള്‍പ്പെടെ മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.