സെന്റ് ലൂയിസ്: ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിനായി ലോകം ഉറ്റുനോക്കുമ്പോൾ, വത്തിക്കാനിൽ നിന്നുള്ള ആ സന്തോഷ വാർത്തയെ വരവേൽക്കാൻ ഒരു വലിയ പ്രാർത്ഥനായജ്ഞം ഒരുങ്ങുകയാണ്. സെന്റ് ലൂയിസിലെ ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ’ നടക്കുന്ന ചരിത്രപരമായ ഈ ചടങ്ങിൽ പങ്കെടുക്കുന്ന എഴുപത്തയ്യായിരത്തിലധികം വിശ്വാസികൾക്കായി അത്രയും തന്നെ ‘വേൾഡ് മിഷൻ’ ജപമാലകളാണ് സൗജന്യമായി വിതരണം ചെയ്യാൻ ഒരുങ്ങുന്നത്.
1951ൽ ആർച്ച് ബിഷപ്പ് ഫുൾട്ടൺ ഷീൻ തന്നെ രൂപകൽപ്പന ചെയ്ത ഈ ബഹുവർണ ജപമാല ലോകമെമ്പാടുമുള്ള മിഷനറി പ്രവർത്തനങ്ങൾക്കായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു.
ഓരോ ഭൂഖണ്ഡങ്ങളെയും സൂചിപ്പിക്കുന്ന പച്ച, നീല, വെള്ള, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മുത്തുകൾ കൊണ്ട് നിർമ്മിച്ച ഈ ജപമാലകൾക്ക് പിന്നിൽ വലിയൊരു സ്നേഹക്കൂട്ടായ്മയുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ 75,000 ജപമാലകൾ നിർമ്മിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ‘പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ്’ നൽകിയ ആഹ്വാനം രാജ്യത്തുടനീളമുള്ള വിശ്വാസികൾ ഏറ്റെടുത്തു. "രാജ്യത്തെ നാൽപ്പതിലധികം കോൺവെന്റുകളിലെ സന്യാസിനിമാർ ഇതിനോടകം ആയിരക്കണക്കിന് ജപമാലകൾ നിർമ്മിച്ചു നൽകി. മിണ്ടാമഠങ്ങളിലെ സന്യാസിനികളുടെ സഹകരണം പ്രത്യേകം എടുത്തു പറയേണ്ടതാണ്," സിസ്റ്റർ ജൂഡ് ആൻഡ്രൂ ലിങ്ക് പങ്കുവെച്ചു.
സന്യാസിനിമാർക്കൊപ്പം സാധാരണക്കാരായ വിശ്വാസികളും ഈ പുണ്യപ്രവൃത്തിയിൽ സജീവമാണ്. തന്റെ ആദ്യകുർബാന സ്വീകരണത്തിന് മുന്നോടിയായി 250 ജപമാലകൾ സ്വന്തമായി നിർമ്മിക്കുന്ന എട്ടു വയസുകാരി മുതൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾ വരെ ഈ വിശുദ്ധ ദൗത്യത്തിനായി അഹോരാത്രം കഠിനാധ്വാനം ചെയ്യുന്നു.
ഒരു ആർച്ച് ബിഷപ്പിന്റെ വിശുദ്ധിയിലേക്കുള്ള യാത്രയെ ലോകമെമ്പാടുമുള്ള സഹോദരങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട് വരവേൽക്കാനുള്ള വിശ്വാസികളുടെ ഈ ഒത്തുചേരൽ തീർത്തും ഹൃദയസ്പർശിയാണ്.