ഇസ്ലമാബാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി പാകിസ്ഥാന്‍ മന്ത്രി. സിന്ധു നദീജല കരാര്‍ പ്രകാരമുള്ള പാകിസ്ഥാന്റെ വിഹിതം നല്‍കാത്തവരുടെ കൈകള്‍ വെട്ടി മാറ്റുമെന്നാണ് പാക് കാലാവസ്ഥാ വകുപ്പ് മന്ത്രി മുസാദിക് മാലികിന്റെ ഭീഷണി.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് വര്‍ധിക്കുകയും ചെയ്തു. ഇതിനിടെയാണ് പാക് മന്ത്രിയുടെ ഭാഗത്തു നിന്ന് പ്രകോപനപരമായ പരാമര്‍ശമുണ്ടായിരിക്കുന്നത്.
ഇന്ത്യ പാകിസ്ഥാന്റെ ജലവിഹിതം 'നിയന്ത്രിക്കുകയാണെ'ന്ന് മാലിക് ആരോപിച്ചു. തങ്ങളുടെ ജലവിഹിതം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും അതിന് ശ്രമിക്കുന്നവര്‍ക്ക് തക്കതായ മറുപടി കൊടുക്കുമെന്നും മാലിക് വാര്‍ത്താ സമ്മേളനത്തില്‍ ഭീഷണി മുഴക്കി.
പാകിസ്ഥാനിലെ 40 മുതല്‍ 50 ശതമാനം വരെ ജനങ്ങള്‍ ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെയും 50 ശതമാനം തൊഴിലവസരങ്ങളെയും 25 ശതമാനം സമ്പദ് വ്യവസ്ഥയെയും പൂര്‍ണമായി നിയന്ത്രിക്കാനാണ് 'മറ്റുചിലര്‍' ശ്രമിക്കുന്നത്.
അയല്‍രാജ്യത്തെ പ്രധാനമന്ത്രിയാണ് ഈ ടാപ്പ് നിയന്ത്രിക്കുന്നത്. ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുക്കാന്‍ അനുവദിക്കില്ലെന്നാണ് അദേഹം പറയുന്നത്. എന്നാല്‍, വെള്ളം നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് മാലിക് പറഞ്ഞു.
തങ്ങളുടെ ജല വിഹിതത്തിന്മേല്‍ ആരെങ്കിലും കൈ വെച്ചാല്‍ ആ കൈകള്‍ ഞങ്ങള്‍ വെട്ടി മാറ്റുമെന്ന് തെളിയിച്ചിട്ടുണ്ട്. ലോകത്ത് മറ്റ് പലയിടങ്ങളിലും ഒരു കരാറിന്റെയും അഭാവത്തില്‍ പോലും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെ അടിസ്ഥാനത്തില്‍ നദീജലം ഒഴുകുന്നുണ്ടെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.
ഇതേ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച പാകിസ്ഥാന്‍ വാര്‍ത്താ വിനിമയ മന്ത്രി അത്താ ഉല്ല തരാറും സിന്ധു നദീജല കരാര്‍ നിയമപരമായി നിലനില്‍ക്കുന്നതാണെന്നും അത് ഏകപക്ഷീയമായി റദ്ദാക്കാനോ ഭേദഗതി വരുത്താനോ കഴിയില്ലെന്നും വാദിച്ചു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിരോധ സേനകളുടെ മേധാവിയും ആര്‍മി ചീഫുമായ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും 'വെള്ളം ഞങ്ങളുടെ ജീവ രേഖയും റെഡ് ലൈനുമാണ്' എന്ന് പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സിന്ധു നദിയിലെ ഇന്ത്യയുടെ വിഹിതം പൂര്‍ണമായും വിനിയോഗിക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നുവെന്നും ഇന്ത്യയ്ക്കുള്ള ഒരൊറ്റ തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുക്കില്ലെന്നും കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍ പാട്ടീല്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പാകിസ്ഥാനില്‍ നിന്നുള്ള പ്രകോപന പ്രതികരണങ്ങള്‍ വരുന്നത്.
കഴിഞ്ഞ വര്‍ഷം ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ 26 സിവിലിയന്മാരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂട സ്പോണ്‍സേര്‍ഡ് ഭീകരവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പാകിസ്ഥാന്‍ പൂര്‍ണമായി തകര്‍ക്കുന്നതുവരെ ജലകരാര്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കുമെന്ന ശക്തമായ നിലപാടിലാണ് ഇന്ത്യ.
1960 ല്‍ ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച ഈ കരാറാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദിയുടെയും അതിന്റെ പോഷക നദികളുടെയും ജല വിതരണവും ഉപയോഗവും നിയന്ത്രിക്കുന്നത്.