തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പാക്കിയ സ്ത്രീകളുടെ സൗനജ്യ കെഎസ്ആര്‍ടിസി ബസ് യാത്രാ പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമെന്ന് ബസുടമകള്‍. പ്രശ്‌ന പരിഹാരത്തിനായി ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകള്‍.
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രയെ തുടര്‍ന്ന് സര്‍വീസുകള്‍ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സമരത്തിലേക്ക് കടക്കുന്നത്. ബസിലെ കളക്ഷന്‍ കുറഞ്ഞതോടെ തൊഴിലാളികളുടെ വേതനം കുറച്ചിരുന്നു.
വരുമാനം കുറഞ്ഞതോടെ പലയിടങ്ങളിലും സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വേതനം 600 രൂപ മാത്രമാക്കി. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഡ്രൈവര്‍ക്ക് 1200 കിട്ടിയിരുന്നിടത്താണ് ഇപ്പോള്‍ 600 രൂപ നല്‍കുന്നത്. കണ്ടക്ടര്‍ക്കും കിട്ടുന്നത് 600 രൂപ മാത്രം.
അതേസമയം സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി.പി ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നത് പോലെ അവര്‍ക്കും പരസ്യം നല്‍കാമെന്നും അദേഹം വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
സമരങ്ങളോട് ചിലര്‍ കാണിച്ചതുപോലെ അലര്‍ജി ഇല്ല. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാം. സ്വകാര്യ ബസുകള്‍ക്ക് ടാക്‌സ് കുറച്ച് കൊടുത്തത് അവര്‍ക്ക് സഹായമാകാനാണ്. സ്വകാര്യ ബസും കെഎസ്ആര്‍ടിസി ഓര്‍ഡിനറിയും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്‌നമെന്നും പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തില്‍ വിഷയം പരിഹരിക്കാമെന്നും സി.പി ജോണ്‍ അറിയിച്ചു.