ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 2025 ല്‍ ഇന്ത്യയില്‍ ആകെ 747 വിദേശ പൗരന്മാര്‍ അറസ്റ്റിലായതായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) റിപ്പോര്‍ട്ട്. ഇവരില്‍ അധികം പേരും നേപ്പാളില്‍ നിന്നുള്ളവരാണ്.
എന്‍സിബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 2025 ല്‍ ഇന്ത്യയില്‍ ആകെ പിടിയിലായ 747 വിദേശ പൗരന്മാരില്‍ 203 പേര്‍ നേപ്പാളില്‍ നിന്നുള്ളവരാണ്. നൈജീരിയ (143), മ്യാന്‍മര്‍ (97) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായി.
ബംഗ്ലാദേശില്‍ നിന്ന് 17, കെനിയ - 10, ഘാന - 9, ഉഗാണ്ട - 6, റഷ്യ, ബ്രസീല്‍, ഇസ്രയേല്‍, സെനഗല്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്ന് നാല് പേര്‍ വീതം എന്നിങ്ങനെയാണ് പിടിയിലായ മറ്റുള്ളവരുടെ കണക്ക്.
അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, ജര്‍മ്മനി, ജപ്പാന്‍, സുഡാന്‍, സ്വീഡന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. ഏകദേശം 203 വിദേശ പൗരന്മാരുടെ രാജ്യം തിരിച്ചുള്ള വിശദാംശങ്ങള്‍ എന്‍സിബിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം 2024 ല്‍ 660 വിദേശ പൗരന്മാര്‍ അറസ്റ്റിലായ സ്ഥാനത്താണ് 2025 ല്‍ എണ്ണം 747 ആയി ഉയര്‍ന്നത്. 2023 ല്‍ ഇത് 735 ആയിരുന്നു, 2022 ല്‍ 777 വിദേശ പൗരന്മാര്‍ പിടിയിലായപ്പോള്‍ 2021 ല്‍ 593 പേരാണ് അറസ്റ്റിലായത്.
ഇന്ത്യയില്‍ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025 ല്‍ ഇന്ത്യയില്‍ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്.
ലഹരിവിരുദ്ധ സ്‌ക്വാഡുകളുടെ പരിശോധനകളില്‍ 2025 ല്‍ 1,83,675 പേര്‍ അറസ്റ്റിലായി. 2024 ല്‍ ഇത് 1,22,224 ആയിരുന്നു. 2021 മുതല്‍ 2025 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.