തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ കുറ്റപത്രം നല്‍കിയ കേസില്‍ പിണറായി സര്‍ക്കാര്‍ മൂന്ന് തവണ പ്രോസിക്യൂഷനുള്ള അനുമതി നിഷേധിച്ചിരുന്നു.
ഇതിന്റെ പേരില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി മുഹമ്മദ് ഹനീഷിനെരെ കോടതിയലക്ഷ്യ നടപടികളും ആരംഭിച്ചിരുന്നു. പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തവണ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തെളിവില്ലെന്നും പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ലെന്നുമാണ് അറിയിച്ചിരുന്നത്.
കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ ഇന്നലെ വൈകിട്ടാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. 2006 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഇക്കാലയളവില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു ആര്‍. ചന്ദ്രശേഖരന്‍.
അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കാതെ ചന്ദ്രശേഖരനെ പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ സിപിഎമ്മില്‍പ്പോലും എതിര്‍പ്പുയര്‍ന്നിരുന്നു. ആശ സമരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരുന്നു ചന്ദ്രശേഖരന്‍ നിന്നത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതിലുള്ള പ്രത്യുപകാരമാണ് ഇതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.