ടെക്സാസ്: കുർബാനയിൽ പങ്കെടുക്കാൻ പള്ളിയിലേക്ക് നടന്നു പോകുകയായിരുന്ന കത്തോലിക്കാ സന്യാസിനിയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ഉദ്യോഗസ്ഥർ തെരുവിൽ വെച്ച് അറസ്റ്റ് ചെയ്ത സംഭവം അമേരിക്കയിൽ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചു. സംഭവത്തിൽ യുഎസ് ഭരണകൂടത്തിനെതിരെ ജനപ്രതിനിധികളും സഭാ നേതൃത്വവും രംഗത്തെത്തി.
ഞായറാഴ്ച രാവിലെ ടെക്സാസിലെ മക്അലനിലുള്ള ‘അവർ ലേഡി ഓഫ് സോറോസ്’ ദേവാലയത്തിലേക്ക് പോകുകയായിരുന്ന സിസ്റ്റർ ലെറ്റീഷ്യ ഉഗ്ബോജയെയാണ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി കൈവിലങ്ങണിയിച്ചത്. നൈജീരിയൻ സ്വദേശിയായ സിസ്റ്റർ ലെറ്റീഷ്യ കഴിഞ്ഞ പത്ത് വർഷമായി ടെക്സാസിലെ ആരോഗ്യമേഖലയിൽ നഴ്സായും നഴ്സിംഗ് അസിസ്റ്റൻ്റായും സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ്. ‘ഡോട്ടേഴ്സ് ഓഫ് മേരി മദർ ഓഫ് മേഴ്സി’ സന്യാസിനി സമൂഹാംഗമായ ഇവർ പ്രദേശത്തെ സന്നദ്ധപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.
അറസ്റ്റ് വിവരം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി മോണിക്ക ഡി ലാ ക്രൂസ്, ഡെമോക്രാറ്റിക് പ്രതിനിധി ഹെൻറി ക്വല്ലർ എന്നിവർ അടിയന്തരമായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടു. രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ സിസ്റ്റർ ലെറ്റീഷ്യയെ മോചിപ്പിച്ചു.
“ഇമിഗ്രേഷൻ നിയമങ്ങൾ ഉപയോഗിക്കേണ്ടത് അക്രമകാരികളായ കുറ്റവാളികളെ പിടികൂടാനാണ് അല്ലാതെ പള്ളിയിൽ പോകുന്ന കന്യാസ്ത്രീകളെ പിടിക്കാനല്ല,” എന്ന് മോണിക്ക ഡി ലാ ക്രൂസ് പ്രതികരിച്ചു.