ന്യൂഡല്‍ഹി: നയതന്ത്ര കരാറുകള്‍ക്കപ്പുറം വ്യക്തി ബന്ധങ്ങളുടെയും സഹോദര്യത്തിന്റെയും ഊഷ്മളതയ്ക്ക് സാക്ഷ്യം വഹിച്ച് 2026 ലെ ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി. ഡല്‍ഹിയില്‍ വ്യാഴാഴ്ച നടന്ന ചരിത്ര പ്രധാനമായ കൂടിക്കാഴ്ചയില്‍ ജപ്പാന്‍ പ്രധാനമന്ത്രി സന തകൈച്ചിയെ തന്റെ കുഞ്ഞുപെങ്ങള്‍ എന്ന് വിശേഷിപ്പിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചത്.
ഉന്നതതല ഉച്ചകോടിയുടെ ഔദ്യോഗിക അന്തരീക്ഷത്തെയാകെ മാറ്റിമറിച്ച ഈ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ പ്രഖ്യാപനമായി മാറി. ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സന തകൈച്ചിയെ ദീര്‍ഘ വീക്ഷണമുള്ള ജനപ്രിയ നേതാവെന്ന് പ്രധാനമന്ത്രി മോഡി പ്രശംസിച്ചു. തന്നെ അനിയത്തിയെന്ന് വിളിച്ചതിന് നിറഞ്ഞ ചിരിയോടെ നന്ദി പറഞ്ഞ തകൈച്ചി, ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് മുന്‍പ് തന്നെ തങ്ങള്‍ ഒരേ നിലപാടുകള്‍ ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞിരുന്നതായും സഹോദരനും സഹോദരിയും എന്ന നിലയില്‍ ഈ ബന്ധം കൂടുതല്‍ വളര്‍ത്തിയെടുക്കുമെന്നും വ്യക്തമാക്കി.
ഇരു രാജ്യങ്ങളും കൈകോര്‍ത്ത് കൂടുതല്‍ ശക്തരും സമ്പന്നരുമാകണമെന്നാണ് ജപ്പാന്റെ ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി മോഡി വിശേഷിപ്പിച്ചു. വ്യക്തിപരമായ ഊഷ്മളതയ്‌ക്കൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തില്‍ നിര്‍ണായകമായ തീരുമാനങ്ങളും ഉച്ചകോടിയില്‍ ഉണ്ടായി.
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും ജപ്പാനും തമ്മില്‍ പ്രതിരോധ സഹ-വികസന കരാറില്‍ ഒപ്പുവെച്ചതാണ് ഈ കൂടിക്കാഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. കൂടാതെ സാമ്പത്തിക സുരക്ഷ, തന്ത്ര പ്രധാന സാങ്കേതിക വിദ്യകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍, ശുദ്ധമായ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനുള്ള സുപ്രധാന സംരംഭങ്ങളും ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.
സ്വതന്ത്രവും തുറന്നതും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്‍ഡോ-പസഫിക് മേഖലയാണ് ഇരു രാജ്യങ്ങളുടെയും സംയുക്ത മുന്‍ഗണനയെന്ന് പ്രധാനമന്ത്രി മോഡി ഊന്നിപ്പറഞ്ഞു. നിലവിലെ ആഗോള സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം നയതന്ത്ര ബന്ധത്തിന്റെ സുപ്രധാന തൂണായി മാറിയിരിക്കുകയാണെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.
ഹൈദരാബാദ് ഹൗസില്‍ നടന്ന പ്രതിനിധിതല ചര്‍ച്ചകളില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നേരത്തെ രാഷ്ട്രപതി ഭവനില്‍ ജപ്പാന്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണ പ്രകാരം ജൂലൈ ഒന്ന് മുതല്‍ മൂന്ന് വരെ നീണ്ടുനില്‍ക്കുന്ന മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സന തകൈച്ചി ഇന്ത്യയില്‍ എത്തിയത്.
ബുധനാഴ്ച ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അവര്‍ക്ക് ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തില്‍ നല്‍കിയത്.