വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കലുഷിതമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോൺ സംഭാഷണം നടത്തി. വെള്ളിയാഴ്ച നടന്ന ഈ ചർച്ചയ്ക്ക് പിന്നാലെ ഇരുവരും ഉടൻ തന്നെ നേരിൽ കാണാൻ തീരുമാനിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
ഇറാൻ, ലെബനൻ എന്നിവിടങ്ങളിലെ നിലവിലെ യുദ്ധ സാഹചര്യങ്ങളും വെടിനിർത്തൽ സാധ്യതകളുമാണ് ഇരു നേതാക്കളും ചർച്ച ചെയ്തത്. കൂടാതെ ലെബനനിലെ വെടിനിർത്തൽ പ്രഖ്യാപനവും ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന നയതന്ത്ര നീക്കങ്ങളും സംഭാഷണത്തിൽ ഇടംപിടിച്ചു. സമീ പകാലത്ത് ഇരു നേതാക്കളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്ന സാഹചര്യത്തിൽ, ഈ കൂടിക്കാഴ്ച ഏറെ നിർണായകമാണ്.
ലെബനനിലെ സൈനിക നീക്കങ്ങൾ പരിമിതപ്പെടുത്താനും ഇറാനുമായി നയതന്ത്ര തലത്തിൽ ഒരു ധാരണയിലെത്താനുമാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള നയതന്ത്ര ചർച്ചകളോട് നെതന്യാഹുവിന് കടുത്ത വിയോജിപ്പാണുള്ളത്.
സൈനിക സമ്മർദം ശക്തമാക്കി ഇറാന്റെ ആണവ-സൈനിക അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇസ്രയേലിന്റെ നിലപാട് സുപ്രധാനമാണ്.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഇരുനേതാക്കളുടെയും നേരിട്ടുള്ള കൂടിക്കാഴ്ച പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാവി നിർണയിക്കുന്നതിൽ സുപ്രധാനമായേക്കും. ഇറാനും ലെബനനുമെതിരെയുള്ള ഇസ്രായേലിന്റെ ഭാവി സൈനിക നീക്കങ്ങളെ ഈ ചർച്ച എപ്രകാരം സ്വാധീനിക്കുമെന്നതാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.