ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോൾ ആവേശകരമായ മൂന്നാം റൗണ്ടിലേക്ക് കടക്കുന്നു. ഇന്ന് രാവിലെയും ഇന്നലെ രാത്രിയുമായി നടന്ന റൗണ്ട് ഓഫ് 32 മത്സരങ്ങളിലൂടെ ഈജിപ്തും അർജൻ്റീനയും കൊളംബിയയും കൂടി പ്രീ ക്വാർട്ടർ യോഗ്യത ഉറപ്പാക്കിയിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്ത് 4-2ന് ഓസ്ട്രേലിയയെ വീഴ്ത്തിയപ്പോൾ ലോക ചാംപ്യന്മാരായ അർജൻ്റീന വാശിയേറിയ പോരാട്ടത്തിനൊടുവിൽ കേപ് വെർഡെയോട് 3-2ന് ജയിച്ചിരുന്നു. രണ്ടാം റൗണ്ടിലെ അവസാന മാച്ചിൽ ഘാനയെ കൊളംബിയ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് അവസാന പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പാക്കിയിരുന്നു.
പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ ഉൾപ്പെടെ 15 മത്സരങ്ങളാണ് ഇനി ലോകകപ്പിൽ ശേഷിക്കുന്നത്. ശനിയാഴ്ച രാത്രി 10.30ന് കാനഡയും മൊറോക്കോയും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടർ മത്സരം.
ആഫ്രിക്കൻ കരുത്തരുടെ വെല്ലുവിളി മറികടക്കാൻ ആതിഥേയരായ കാനഡയ്ക്ക് കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാത്രി 2.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പരാഗ്വെ ഫ്രാൻസിനെ നേരിടും.
തിങ്കളാഴ്ച രാത്രി 1.30നാണ് നോർവേ - ബ്രസീൽ മത്സരം. പുലർച്ചെ 5.30ന് ഇംഗ്ലണ്ട് മെക്സിക്കോയെ നേരിടും. അന്ന് തന്നെ രാത്രി പുലർച്ചെ 12.30ന് യൂറോപ്യൻ മഹായുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗലും സ്പെയിനും തമ്മിലുള്ള മത്സരം അരങ്ങേറും.
ചൊവ്വാഴ്ച രാവിലെ 5.30ന് യുഎസും ബെൽജിയവും പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി 9.30നാണ് നിലവിലെ ചാംപ്യന്മാരായ അർജൻ്റീനയും ഈജിപ്തും തമ്മിലുള്ള പോരാട്ടം. ബുധനാഴ്ച പുലർച്ചെ 1.30ന് കൊളംബിയയും സ്വിറ്റ്‌സർലൻഡും തമ്മിലാണ് അവസാന പ്രീ ക്വാർട്ടർ മത്സരം.