കമ്യൂണിസം അമേരിക്കന്‍ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണി; മൗണ്ട് റഷ്മോറില്‍ ആഞ്ഞടിച്ച് ഡൊണാള്‍ഡ് ട്രംപ്

കമ്യൂണിസം അമേരിക്കന്‍ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണി; മൗണ്ട് റഷ്മോറില്‍ ആഞ്ഞടിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികാഘോഷ വേളയില്‍ കമ്യൂണിസത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗത്ത് ഡക്കോട്ടയിലെ പ്രശസ്തമായ മൗണ്ട് റഷ്മോര്‍ ദേശീയ സ്മാരകത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് കമ്യൂണിസത്തെ കടന്നാക്രമിച്ചത്. ഒന്നാം ലോകയുദ്ധം, രണ്ടാം ലോകയുദ്ധം, പേള്‍ ഹാര്‍ബര്‍ ആക്രമണം, സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണം എന്നിവയ്ക്ക് സമാനമായി രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കമ്മ്യൂണിസമെന്ന് അദേഹം ആരോപിച്ചു.

രാജ്യത്തിനുള്ളിലെ വിപ്ലവകാരികളില്‍ നിന്നും തീവ്ര ചിന്താഗതിക്കാരില്‍ നിന്നും അമേരിക്കയുടെ സ്വത്വം പുതിയ രീതിയിലുള്ള ആക്രമണങ്ങള്‍ നേരിടുകയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. സമീപ വര്‍ഷങ്ങളിലായി അമേരിക്കന്‍ സത്തയെ ജനങ്ങളില്‍ നിന്ന് എടുത്തുമാറ്റാനും ചരിത്രത്തില്‍ നിന്ന് അവരെ അകറ്റാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, മണ്‍മറഞ്ഞുപോയെന്ന് കരുതിയ കമ്യൂണിസ്റ്റ് ശല്യം വീണ്ടും പുനരുജ്ജീവിച്ചിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കമ്യൂണിസ്റ്റ് അനുഭാവികളെന്ന് ആരോപിക്കപ്പെട്ടവര്‍ കൊടും പീഡനങ്ങള്‍ക്കിരയാവുകയും ഔദ്യോഗിക മേഖലകളില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്ത 1950 കളിലെ റെഡ് സ്‌കെയര്‍ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പ്രസിഡന്റിന്റെ വാക്കുകള്‍. അമേരിക്കന്‍ ചരിത്രത്തില്‍ നിര്‍ണായക മുദ്രപതിപ്പിച്ച ജോര്‍ജ് വാഷിങ്ടണ്‍, തോമസ് ജെഫേഴ്‌സണ്‍, തിയൊഡോര്‍ റൂസ്വെല്‍റ്റ്, എബ്രഹാം ലിങ്കണ്‍ എന്നി മുന്‍ പ്രസിഡന്റുമാരുടെ മുഖങ്ങള്‍ കൊത്തിവെച്ചിട്ടുള്ള ചരിത്രസ്മാരകമാണ് മൗണ്ട് റഷ്മോര്‍.

അതേസമയം ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി ട്രംപിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. വൈരുധ്യങ്ങളുടെ രാഷ്ട്രമാണ് അമേരിക്കയെന്നും വിഭാവനം ചെയ്ത പൂര്‍ണത കൈവരിക്കാനായി രാജ്യം ഓരോ ദിവസവും പ്രയത്‌നിക്കുകയാണെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്തുടനീളം വിപുലമായ പരേഡുകളും കരിമരുന്ന് പ്രയോഗങ്ങളുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചെങ്കിലും, കിഴക്കന്‍ മേഖലകളില്‍ അനുഭവപ്പെട്ട കടുത്ത ഉഷ്ണതരംഗം പലയിടങ്ങളിലും ആഘോഷങ്ങളുടെ തിളക്കം കെടുത്തി. കനത്ത ചൂടിനെ തുടര്‍ന്ന് ഫിലഡല്‍ഫിയ ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളില്‍ പരേഡുകള്‍ റദ്ദാക്കേണ്ടി വന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

അമേരിക്കയുടെ ഈ ചരിത്രപരമായ വാര്‍ഷികാഘോഷ വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് പ്രത്യേക ആശംസകള്‍ നേര്‍ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.