ഓസ്ട്രേലിയൻ തീരത്ത് നിഗൂഢ ലോഹ ഗോളങ്ങൾ; ഇത് ബഹിരാകാശത്തുനിന്നെത്തിയ 'സ്പേസ് ബോൾസോ'? ആശങ്കയൊഴിയാതെ നാട്ടുകാർ

ഓസ്ട്രേലിയൻ തീരത്ത് നിഗൂഢ ലോഹ ഗോളങ്ങൾ; ഇത് ബഹിരാകാശത്തുനിന്നെത്തിയ 'സ്പേസ് ബോൾസോ'? ആശങ്കയൊഴിയാതെ നാട്ടുകാർ

ക്വീൻസ്‌ലൻഡ്: വടക്കൻ ക്വീൻസ്‌ലൻഡിലെ ഫോറസ്റ്റ് ബീച്ചിൽ ഭീമൻ ലോഹഗോളങ്ങൾ അടിഞ്ഞതിനെത്തുടർന്ന് പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്ക. 'സ്‌പേസ് ബോൾസ്' എന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന ഈ വസ്തുക്കൾ ബഹിരാകാശത്ത് നിന്ന് പതിച്ച അവശിഷ്ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച മുതൽ ഇതുവരെ ആറ് ഗോളങ്ങളാണ് തീരത്ത് കണ്ടെത്തിയത്.

ഈ ഗോളങ്ങൾ ബഹിരാകാശ പേടകങ്ങളിൽ ഉപയോഗിക്കുന്ന ടൈറ്റാനിയം പ്രൊപ്പല്ലന്റ് ടാങ്കുകളാകാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇവയിൽ ക്യാൻസറിന് കാരണമായേക്കാവുന്ന ഹൈഡ്രസീൻ പോലുള്ള അപകടകരമായ റോക്കറ്റ് ഇന്ധനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഗോളങ്ങൾക്ക് അടുത്തേക്ക് പോകരുതെന്നും അവയിൽ തൊടരുതെന്നും ജനങ്ങൾക്ക് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

റോക്കറ്റ് വിക്ഷേപണങ്ങൾക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവീഴുന്ന റോക്കറ്റ് ഭാഗങ്ങളാകാം ഇവയെന്നാണ് ബഹിരാകാശ ഗവേഷകരുടെ നിഗമനം. ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ബഹിരാകാശ പുരാവസ്തു ഗവേഷക അസോസിയേറ്റ് പ്രൊഫസർ ആലീസ് ഗോർമാൻ പറയുന്നത് പ്രകാരം ഈ ഗോളങ്ങളിൽ വലിയ തോതിൽ കത്തിയതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. ഇത് ഇവ റോക്കറ്റുകളുടെ നിർണായക ഭാഗങ്ങൾ തന്നെയാകാമെന്ന സൂചന നൽകുന്നു.

അഞ്ച് ഗോളങ്ങളെ അഗ്നിരക്ഷാ സേന സുരക്ഷിതമായി ഡ്രമ്മുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവയുടെ ഉറവിടം കണ്ടെത്താൻ ഓസ്ട്രേലിയൻ സ്പേസ് ഏജൻസി ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികളുമായി സഹകരിച്ച് അന്വേഷണം തുടങ്ങി. ഇവ കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

എങ്കിലും പ്രാദേശിക ജനതയ്ക്ക് നിലവിൽ കാര്യമായ അപകടഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ നിഗൂഢ വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് ലോകം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.